Skip to main content

മാലിന്യമുക്ത നവകേരളം; മൂന്നു നിയോജക മണ്ഡലങ്ങൾ ആദ്യ ഘട്ടം വിജയകരമാക്കി

 

 

കോട്ടയം: ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവർത്തനങ്ങൾ വിജയകരമായ രീതിയിൽ പൂർത്തിയാക്കിയതായി സഹകരണ - തുറമുഖം വകുപ്പ് മന്ത്രി വി. എൻ വാസവന്റെ അധ്യക്ഷതയിൽ  ചേർന്ന ഓൺലൈൻ യോഗം വിലയിരുത്തി. ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശ്ശേരി നിയോജക മണ്ഡലങ്ങളിലാണ് മാലിന്യമുക്ത ജില്ല സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ഏറെ മുന്നിൽ എത്തിയതെന്ന് ഓൺലൈൻ ആയി ചേർന്ന മാലിന്യ മുക്ത നവകേരളം സംഘാടക സമിതി യോഗം വിലയിരുത്തി. തുടർ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്നതിന് വേണ്ടി മണ്ഡല അടിസ്ഥാനത്തിൽ അവലോകനയോഗങ്ങൾ ചേരാനും യോഗം തീരുമാനിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്തു ശുചിയാക്കും. വഴിയോരങ്ങൾ മനോഹരങ്ങളാക്കി സ്പോൺസർമാരുടെ പിന്തുണയോടെ സ്നേഹാരാമങ്ങൾ സ്ഥാപിക്കും. ഹരിത കർമ്മ സേനയുടെ യൂസർ ഫീ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 100% എത്തിക്കുന്നതിനും സ്ഥാപനങ്ങളുടെ സേവനം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. എല്ലാ സ്ഥാപനങ്ങളിലും ജൈവ - അജൈവമാലിന്യങ്ങൾ തരംതിരിച്ച് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തും. ഈ പരിപാടികൾ ഫെബ്രുവരി പകുതിയോടുകൂടി പൂർത്തിയാക്കി മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തികളിൽ ഏറെ മുന്നിലെത്തിയ സ്ഥാപനങ്ങളെ  ആദരിക്കുകയും മാലിന്യമുക്ത പ്രഖ്യാപനം നടത്തുകയും ചെയ്യും.
യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, എം.എൽ.എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ അഡ്വ.ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ, മഞ്ജു സുജിത്ത്,  ആസൂത്രണ സമിതിയംഗം ആർ. രാജേഷ്, മാലിന്യ മുക്തം നവകേരളം കോഡിനേറ്റർ ശ്രീ ശങ്കർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ എന്നിവർ സംസാരിച്ചു

date