Skip to main content
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇരിണാവ് റോഡിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം "തണ്ണീർപന്തൽ" ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കുന്നു

 ഇരിണാവിൽ 'തണ്ണീർപന്തൽ' ഒരുങ്ങി

 

വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ശാക്തീകരണത്തിന് കൂട്ടായി പ്രവർത്തിക്കണം: മന്ത്രി ആർ ബിന്ദു 

വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ശാക്തീകരണത്തിന് കൂട്ടായി തദ്ദേശ സ്ഥാപനങ്ങൾ കൂട്ടായി പ്രവർത്തിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. കല്ല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് ഇരിണാവിൽ നിർമിച്ച 'തണ്ണീർപന്തൽ' വഴിയോര വിശ്രമകേന്ദ്രം ഉദ്ഘടാനം  ചെയ്യുകയായിരുന്നു അവർ.
എല്ലാ പഞ്ചായത്ത് വാർഡുകളിലേക്കും വയോജന ക്ലബ്ബുകൾ വ്യാപിപ്പിക്കണം. അതിന് നാട് പിന്തുണയേകണം. 
കേരളം ഇന്ന് പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ്. ഈ സാഹചര്യത്തിൽ വിശ്രമ സൗകര്യമുള്ള കെട്ടിടങ്ങളുടെ പ്രാധാന്യം ഏറെയാണ്. ഇത് ഒത്തുചേരലിനുള്ള സർഗാത്മക വേദികൂടിയാകണമെന്നും മന്ത്രി പറഞ്ഞു.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 70 ലക്ഷം രൂപ ചെലവിലാണ് 278.21 ചതുരശ്ര മീറ്ററിൽ കെട്ടിടം നിർമ്മിച്ചത്. താഴത്തെ നിലയിൽ നാല് ശുചിമുറി, അടുക്കള, കോഫി ഷോപ്പ് എന്നിവയും ഒന്നാം നിലയിൽ രണ്ട് ശുചിമുറി, രണ്ട് ഫ്രഷ്നെസ് മുറി, വിശ്രമമുറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.  പാപ്പിനിശ്ശേരി-പിലാത്തറ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വിശ്രമകേന്ദ്രം ഏറെ ആശ്വാസകരമാകും. 
ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനീയർ സി സപ്ന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആർ ആർ എഫിനുള്ള ലാഭവിഹിതം കൈമാറൽ ക്ലീൻ കേരള കമ്പനി എംഡി ജി കെ സുരേഷ്കുമാർ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് പി പി ഷാജിർ, വൈസ് പ്രസിഡണ്ട് ഡി വിമല, പഞ്ചായത്ത്  പ്രസിഡണ്ടുമാരായ ടി ടി ബാലകൃഷ്ണൻ, എം ശ്രീധരൻ, പി ഗോവിന്ദൻ, ടി നിഷ, കെ രതി, കെ രമേശൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ സി പി മുഹമ്മദ് റഫീഖ്, ബ്ലോക്ക് അംഗം കെ പ്രീത, പഞ്ചായത്ത് അംഗം സിപി പ്രകാശൻ മാസ്റ്റർ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുനിൽകുമാർ, ബ്ലോക്ക് സെക്രട്ടറി കെ സുനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date