Skip to main content

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ പുനക്രമീകരണം ഉണ്ടാകണം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്      

                                          

അതിരൂക്ഷമായ പ്രളയക്കെടുതി ജില്ലയെ ബാധിച്ച സാഹചര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ പുനക്രമീകരണം അനിവാര്യമാണന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. പ്രളയം ജില്ലയില്‍ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ അംഗീകാരം വാങ്ങിയിട്ടുള്ള പല പദ്ധതികളും നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇത്തരത്തിലുള്ള പദ്ധതികള്‍ കണ്ടെത്തി പ്രളയബാധിതര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ പദ്ധതികള്‍ പുനക്രമീകരിക്കുന്നതിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും പ്രസിഡന്റ് പറഞ്ഞു. 

18 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ ഭേദഗതിയും അടൂര്‍, പത്തനംതിട്ട നഗരസഭകളിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റിന്റെ അംഗീകാരവുമാണ് ആസൂത്രണ സമിതി നല്‍കിയത്. ഗ്രാമപഞ്ചായത്തുകളായ പന്തളം തെക്കേക്കര, കല്ലൂപ്പാറ, മല്ലപ്പുഴശേരി, ചെന്നീര്‍ക്കര, മൈലപ്ര, ആനിക്കാട്, ചിറ്റാര്‍, കലഞ്ഞൂര്‍, മല്ലപ്പള്ളി, വടശേരിക്കര, വള്ളിക്കോട്, ഓമല്ലൂര്‍, മെഴുവേലി, പെരിങ്ങര എന്നിവയുടെയും പറക്കോട്, റാന്നി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളുടെയും അടൂര്‍ നഗരസഭയുടെയും വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. 

ആസൂത്രണ സമിതി അംഗങ്ങളായ എലിസബത്ത് അബു,  ലീലാ മോഹന്‍, ബിനിലാല്‍, ബി.സതികുമാരി, പി.വി.വര്‍ഗീസ്, സാം ഈപ്പന്‍, അഡ്വ.ആര്‍.ബി.രാജീവ് കുമാര്‍, വിനീത അനില്‍, എന്‍.ജി.സുരേന്ദ്രന്‍, പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍ എന്നിവര്‍ പങ്കെടുത്തു. 

                 (പിഎന്‍പി 2942/18)

date