Skip to main content

നവകേരളത്തിനായി സംഭാവന നല്‍കി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും

 

വൈകല്യങ്ങളെ വക വയ്ക്കാതെ  പുഞ്ചിരിയോടെ ആല്‍വിന്‍ തന്റെ ചെറിയ സമ്പാദ്യം നവകേരളത്തിനായി കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന സ്വീകരിക്കുന്നതിനായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്റെ നേതൃത്വത്തിലുള്ള സംഘം കോഴഞ്ചേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ആല്‍വിന്റെ പുത്തന്‍ പറമ്പിലെ വീട്ടിലെത്തിയപ്പോഴാണ് ബുദ്ധിയുടെ വൈകല്യങ്ങള്‍        മറികടന്ന് നവകേരളത്തിന് ആല്‍വിന്‍ കാരുണ്യഹസ്തമേകിയത്. മുത്തശ്ശിക്കൊപ്പം താമസിക്കുന്ന ആല്‍വിന്‍ ആരാ വന്നതെന്നും.. കാര്യമെന്താണെന്നുമൊക്കെ വിശദമായി ചോദിച്ചു.. കാര്യങ്ങള്‍ മുത്തശ്ശി പറഞ്ഞു കൊടുത്തപ്പോള്‍  ടെലിവിഷനിലൂടെ താന്‍ കണ്ട വെള്ളപ്പൊക്കത്തിന്റെ ഭീകരതകളെ ആല്‍വിന്‍  അപൂര്‍ണമായി വിവരിച്ചു. പിന്നീട് മുത്തശ്ശി നല്‍കിയ 500 രൂപ പൂര്‍ണമനസോടെ നോഡല്‍ ഓഫീസര്‍ എസ്. ശ്രീജിത്തിന് കൈമാറു കയായിരുന്നു.  പത്തനംതിട്ട പ്രകാശധാര സ്‌പെഷല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് പതിനെട്ടുകാരനായ ആല്‍വിന്‍ തോമസ്. പിതാവ് തോമസ് സ്‌കറിയ പൂനെയിലാണ് ജോലി ചെയ്യുന്നത്. മാതാവ് ബീന ദുബായിയിലും. അശ്വിന്‍, എല്‍ വീണ എന്നിവരാണ് ആല്‍വിന്റെ സഹോദരങ്ങള്‍.                   (പിഎന്‍പി 2946/18)

date