Skip to main content

പ്രളയത്തെ അതിജീവിച്ച കേരളം കാണാൻ ടൂറിസ്റ്റുകൾ എത്തും- മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: നൂറ്റാണ്ടുകണ്ട മഹാ പ്രളയത്തെ അതിജീവിച്ച കേരളത്തിലെ അത്ഭുതമനുഷ്യരെക്കാണാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനം വരാൻ പോവുകയാണെന്നും സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിൽ ഇത് പുത്തൻ ഉണർവുണ്ടാക്കുമെന്നും പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ.  ആലപ്പുഴ നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ നിധി സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

 ടൂറിസം മേഖലയിൽ വലിയ കുഴപ്പം ഉണ്ടാകുമെന്ന ചിലരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും മരിച്ചത് മുന്നൂറോളം പേർ മാത്രമാണ്. മൂന്നരലക്ഷത്തോളം കുട്ടനാട്ടുകാരെ രക്ഷിച്ചത് ഒരു പോറൽ പോലും ഇല്ലാതെയാണ.് ഇത്തരത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ കൊച്ചു കേരളത്തെ വിസ്മയത്തോടെയാണ് ലോകം കാണുന്നത്. ഈ പ്രവർത്തി കാണാൻ അവർ വരുന്നതോടെ പുതിയൊരു ടൂറിസം സംസ്‌കാരത്തിനും കേരളം സാക്ഷിയാകുമെന്ന് മന്ത്രി വ്യക്തമാക്കി.  അന്തിമമായി പ്രകൃതിയുമായുള്ള ബന്ധം നിരാകരിച്ച മലയാളി എല്ലാത്തിനും അതീതനാണെന്ന് ചിന്തിച്ചു. പരിസ്ഥിതിക്ക് ഒരു പ്രാധാന്യവും നൽകാതിരുന്നതിന് തിരിച്ചടിയാണിത്.  കുട്ടനാട്ടിലെ പാലങ്ങൾ എല്ലാം ശത്രുക്കൾ ആവുന്ന കാഴ്ചയാണ് കണ്ടത.് ഈ സ്ഥിതി മാറി പുതിയൊരു സാമൂഹിക വിദ്യാഭ്യാസം ആർജിക്കാൻ സമയമായെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ പ്രസംഗിച്ചു.  ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ,  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി  അധ്യക്ഷൻ കെ.ടി.മാത്യു, ജില്ലാ കളക്ടറുടെ ചുമതലയുള്ള എൻ. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

date