Skip to main content

പ്രിയ നൽകിയ അഞ്ഞൂറിന് അയ്യായിരത്തിന്റെ തിളക്കം

ഹരിപ്പാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിൽ സാധാരണക്കാരുടെ പങ്കാളിത്തം കൂടുന്നു. പ്രളയത്തിൽ എല്ലാം നഷ്ടമായ പള്ളിപ്പാട് സ്വദേശിനി പ്രിയ   നൽകിയത് തന്റെ കൈയ്യിലാകെയുള്ള 500 രൂപയാണ്. സ്വന്തമായി വീടില്ലാത്ത പ്രിയ്ക്ക് ലൈഫ് മിഷൻ വഴി ലഭിച്ച തുക ഉപയോഗിച്ച്  നിർമിച്ചുവന്ന വീടിനും പ്രളയത്തിൽ കേടുപാടുകളുണ്ടായി.  ദിവസങ്ങളോളം വെള്ളം കയറി കിടന്നതിനാൽ വീടിനു ബലക്ഷയവുമുണ്ട്. വീടിനായി കരുതിവച്ചിരുന്നതൊക്കെ പ്രളയം കവർന്നു. വിഷമത്തിലും ആകെയുള്ള  500 രൂപ   മന്ത്രിക്ക് കൈമാറുകയായിരുന്നുവെന്ന് പ്രിയ പറയുന്നു. അതുപോലുമില്ലാതെ വിഷമിക്കുന്നവർക്ക് ആ തുക ഉപകരിക്കുമല്ലോയെന്നാണ് പ്രിയയുടെ പക്ഷം.  കൂലിപ്പണിക്കാരനായ ഭർത്താവും രണ്ട് മക്കളും അടങ്ങുന്നതാണ് പ്രിയയുടെ കുടുംബം. 

 

നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളജിന്റെ വക ഒന്നര ലക്ഷം രൂപ

 

 

ഹരിപ്പാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളജ് അധികൃതർ ഒന്നര ലക്ഷം രൂപ കൈമാറി. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. വിദ്യാർത്ഥികൾ, പി.ടി.എ. എന്നിവർ ചേർന്ന് സമാഹരിച്ച് തുകയാണിത്. ഇവിടുത്തെ അധ്യാപകർ അവരുടെ ഒരുമാസത്തെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുണ്ട്.  കോളജ് പ്രിൻസിപ്പാൾ ഡോ.ഷേർളി പി. ആനന്ദിന്റെ നേതൃത്വത്തിലാണ് തുക കൈമാറിയത്. 

 

 

രണ്ട് മാസത്തെ വികലാംഗ പെൻഷൻ നൽകി രാധാകൃഷ്ണൻ

 

ഹരിപ്പാട്:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് രാധാകൃഷ്ണനെത്തിയത് തന്റെ രണ്ട് മാസത്തെ വികലാംഗ പെൻഷനുമായി. മന്ത്രിമാരായ ജി. സുധാകരനും പി. തിലോത്തമനും വേദിയിൽ നിന്ന് ഇറങ്ങി വന്നാണ് രാധാകൃഷ്ണന്റെ കയ്യിൽ നിന്നും തുക ഏറ്റുവാങ്ങിയത്. ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രോഗ്രാം ഏജൻസി നടത്തുകയാണ് ഇരുകാലുകളുമില്ലാത്ത രാധാകൃഷ്ണൻ.  തുക കൈമാറാൻ അതിരാവിലെ തന്നെ രാധാകൃഷ്ണനെത്തിയിരുന്നു. പ്രളയം തകർത്തവർക്ക് ഒരു കൈത്താങ്ങായി മാറുകയാണ് തന്റെ ലക്ഷ്യമെന്ന് രാധാകൃഷ്ണൻ പറയുന്നു.

 

date