Skip to main content

സ്‌കൂളിനു പുറത്ത് പഠനാന്തരീക്ഷം മെച്ചമാക്കാൻ പദ്ധതി ആവിഷ്‌കരിക്കണമെന്ന് മന്ത്രി തോമസ് ഐസക്

ആലപ്പുഴ: വിദ്യാഭ്യാസമേഖലയിൽ ഇന്നും തീരദേശത്തിന്റേത് പിന്നാക്കാവസ്ഥയാണെന്നും സ്‌കൂളിനു പുറത്ത് പഠനാന്തരീക്ഷം മെച്ചമാക്കാൻ മൽസ്യതൊഴിലാളി ക്ഷേമനിധി ബോർഡുൾപ്പടെയുള്ളവ പദ്ധതി ആവിഷ്‌കരിക്കണമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക് നിർദേശിച്ചു. മികച്ച നിലവാരം കണ്ടെത്തിയവരെ ആദരിക്കുന്നതിനൊപ്പം അവരെ മാതൃകയാക്കി പുതിയ തലമുറയ്ക്കു വളരാനുള്ള അവസരവും നമ്മൾ സൃഷ്ടിക്കണം. വിദ്യാഭ്യാസത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു ഓരോരുത്തരേയും നയിക്കാൻ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാകണം ഊന്നൽ. ബോർഡിന്റെ നേതൃത്വത്തിൽ മൽസ്യതൊഴിലാളികളുടെയും മൽസ്യ അനുബന്ധ തൊഴിലാൡകളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ-കായിക പ്രോൽസാഹന അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ സമൂഹത്തിൽ രണ്ടു തലമുറയ്ക്കു മുമ്പുള്ള തൊഴിലല്ല പലരും പിന്തുടരുന്നത്. എന്നാൽ മൽസ്യമേഖലയിൽ ഇന്നും സ്ഥിതി അതുതന്നെയാണ്. ഇത് ഈ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു കാരണമായിട്ടുണ്ട്. മീൻ കുറയുകയും മീൻ പിടിക്കാനുള്ള ചെലവ് കൂടുകയും ചെയ്‌തോടെ മീൻപിടുത്തം തന്നെ നഷ്ടമായി വരികയാണ്. മികച്ച വിദ്യാഭ്യാസം നൽകുകയെന്നതാണ് പുതിയ തലമുറയ്ക്കുള്ള മോചന മാർഗം. ഇതിനാവശ്യമായ പദ്ധതികൾ ബോർഡും മൽസ്യഫെഡും ആവിഷ്‌കരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ആലപ്പുഴയിൽ തുടങ്ങിയ കളിക്കൂട്ടം പോലുള്ള നവീനമായ പദ്ധതികളിലൂടെ അവരുടെ പഠന നിലവാരം മെച്ചപ്പെടുത്താനാകും. അതിന് സർക്കാർ സഹായം പ്രതീക്ഷിച്ചിരിക്കരുത്. ഗ്രന്ഥശാലകളും സന്നദ്ധസംഘടനകളും ഇതിനായി മുന്നോട്ടു വരണം. തീരദേശത്തുൾപ്പടെയുള്ള സ്‌കൂളുടെ ഭൗതികസാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിവരികയാണ്. എന്നാൽ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് സ്‌കൂളിനു വെളിയിലാണ്. ഇതിനുള്ള സാഹചര്യമൊരുക്കുകയാണ് ഇന്നിന്റെ ആവശ്യം. കോളേജുകളിൽ പഠിക്കുന്ന മുതിർന്ന കുട്ടികളെ തന്നെ മെന്റർമാരായി ഉപയോഗിക്കാനാവും. സ്‌കൂളിൽ മാത്രമല്ല വീട്ടിലിരുന്നും പഠിക്കാനുള്ള സാഹചര്യമൊരുക്കിയാലേ സ്ഥിതി മെച്ചപ്പെടൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുസ്തകപ്പുഴുക്കളാക്കി വളർത്തുകയെന്നതാവരുത് ലക്ഷ്യം. മറിച്ച് അവരെ ചരിത്രബോധവും അക്ഷരാഭ്യാസവുമുള്ളവരാക്കി മാറ്റുകയെന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആലപ്പുഴയിൽ പദ്ധതി തുടങ്ങുമ്പോൾ പങ്കെടുത്ത അയ്യായിരം കുട്ടികളിൽ മൂവായിരത്തിനും സ്വന്തം പേര് തെറ്റുകൂടാതെ എഴുതാൻ കഴിയാത്തവരായിരുന്നു. ഇന്നവർ എട്ടാം ക്ലാസിലെത്തുമ്പോൾ ഒമ്പതിലെ പാഠങ്ങൾ വരെ മനസിലാക്കാൻ പാകത്തിനു വളർന്നതു ശക്തമായ സാമൂഹിക ഇടപെടലിന്റെ ഫലമായാണ്. അതോടൊപ്പം കായിക-കല മേഖലകളിലും മികച്ച പ്രകടനത്തിന് അവരെ പ്രാപ്തരാക്കാൻ കഴിയുമെന്നാണ് അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. 

മൽസ്യബോർഡ് ചെയർമാൻ സി.പി.കുഞ്ഞുരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യസമതി ചെയർമാൻ കെ.ടി.മാത്യു, ബോർഡംഗം പി.ഐ.ഹാരിസ്, തീരദേശ വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗം എൻ.സജീവൻ, മൽസ്യഫെഡ് ജില്ല മാനേജർ വൽസലകുമാരി എന്നിവർ പങ്കെടുത്തു. മൽസ്യബോർഡ് കമ്മിഷണർ സി.ആർ.സത്യവതി സ്വാഗതവും മേഖല എക്‌സിക്യൂട്ടീവ് എം.എസ്. സ്മിത നന്ദിയും പറഞ്ഞു.

date