Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പാട്ടു പാടി പണം പിരിച്ചു മാപ്പിള കലാ അക്കാദമി

 

കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധന സമാഹരണത്തിനായി കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സംഘടിപ്പിക്കുന്ന ആര്‍ക്കും പാടാം പരിപാടി ശ്രദ്ധേയമാകുന്നു. ജില്ലയുടെ വിവധ മേഖലകളില്‍ അതത് കേന്ദ്രങ്ങളിലുള്ളവരെ സഹകരിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവരെയായി രണ്ടു ലക്ഷത്തോളം രൂപ പിരിച്ചെടുത്തു കഴിഞ്ഞു.
 ഇന്നലെ ജില്ലാ ആസ്ഥാനത്ത് മലപ്പുറം പ്രസ്‌ക്ലബിന്റെയും മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും മുസ്‌ലിയാര്‍ പീടിക ഫിനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചു. പ്രസ്‌ക്ലബ് പരിസരത്ത് നടന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസ പാട്ടു പാടി പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റസാഖ് പയ്യമ്പ്രോട്ട്, ഭാരവാഹികളായ പുലിക്കോട്ടില്‍ ഹൈദരലി, കെ.കെ. അബ്ദുല്‍ സത്താര്‍, കെ.എ. ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകരായ പി.എ. അബ്ദുല്‍ ഹയ്യ്, ടി.പി. നിജീഷ്, സെന്റ് ജെമ്മാസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍, ഫിനിക്‌സ് ക്ലബ് പ്രതിനിധികള്‍, നാട്ടുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഗാനമാലപിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ധനസമാഹരണം നടന്നു. പിന്നീട് മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരം, കോട്ടപ്പടി എന്നിവിടങ്ങളിലും പര്യടനം നടത്തിയ പാട്ടു വണ്ടി വൈകീട്ട് വാഴയൂരിലെ കാരാട് സമാപിച്ചു.
സെപ്തംബര്‍ എട്ടിന് കൊണ്ടോട്ടി ബസ് സ്റ്റാന്റില്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ പാട്ടു പാടി കൊണ്ടാണ് ആര്‍ക്കും പാടാം പരിപാടി തുടങ്ങിയത്. പിന്നീട് കൊണ്ടോട്ടി നഗരസഭയിലെയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും വിവിധ കേന്ദ്രങ്ങളില്‍ യുവജന ക്ലബുകളുടെ സഹകരണത്തോടെ പരിപാടി അവരിപ്പിച്ചു. പാട്ടും ധനസമാഹരണവുമായി പാട്ടു വണ്ടി ജില്ലയിലെ വിവധ കേന്ദ്രങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ പര്യാടനം തുടരും.

 

date