Skip to main content

കുട്ടികളുടെ പുനരധിവാസത്തിന് ജില്ലാ ഭരണകൂടം മുഖ്യ പരിഗണന നല്‍കും

ജില്ലയിലെ പ്രളയ ബാധിതരായ കുട്ടികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണ കൂടം മുഖ്യമായ പരിഗണന നല്‍കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ പി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ജില്ലയിലെ പ്രളയ ബാധിത മേഖലയിലെ കുട്ടികളുടെ സുരക്ഷ,സംരക്ഷണം എന്നിവ  ഉറപ്പ് വരുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മലപ്പുറം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ബാലസംരക്ഷണ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍ക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫെറെന്‍സ് ഹാളില്‍ നടത്തിയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ജില്ലയില്‍ വീടുകള്‍ നഷ്ടപ്പെട്ട് മറ്റ് ഭവനങ്ങളിലോ താത്കാലിക സംവിധാനങ്ങളിലോ ആയി താമസിക്കുന്ന 1000 ത്തോളം വരുന്ന കുട്ടികള്‍ ജില്ലയിലുണ്ടെന്നും പ്രത്യേക സംരക്ഷണവും പരിചരണവും അവര്‍ക്ക് ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ അമിത് മീണ ഐ എ എസ് അഭിപ്രായപ്പെട്ടു. അവര്‍ക്കായി  പുനരധിവാസ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ പ്രളയ ദുരന്തത്തിനു ശേഷം മനുഷ്യ കടത്തുപോലെയുള്ള ചൂഷണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതു സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും  കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ച് സ്വകാര്യ ഏജന്‍സികള്‍ സമീപിക്കുമ്പോള്‍ പോലീസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ ഐ. പി .എസ്  യോഗത്തില്‍ അറിയിച്ചു.
ബാലനീതി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ 90  ബാല സംരക്ഷണ  സ്ഥാപനങ്ങളിലെ ഭാരവാഹികള്‍ക്ക്  നടത്തിയ ശില്‍പ ശാലയില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി, ഡി വൈ എസ് പി ഡി സി ആര്‍ ബി രമേഷ് സീനിയര്‍ സൂപ്രണ്ട് കൃഷ്ണ മൂര്‍ത്തി,  പ്രൊട്ടക്ഷന്‍ ഓഫീസര്‍ മാരായ മുഹമ്മദ് സാലിഹ് എ കെ, ഫസല്‍ പുല്ലാട്ട്  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ  ഉദ്യോഗസ്ഥരായ സന്ധ്യ.ആര്‍ അതുല്യ ,ജെ  ഫാരിസ, രഞ്ജിത്ത്,  ജെംഷിമോന്‍  എന്നിവര്‍ സംസാരിച്ചു

 

date