Skip to main content

ജനകീയ ധനസമാഹരണത്തിന് വന്‍ ജനപിന്തുണ ദുരിതാശ്വാസ നിധിയിലേക്കുള്ള തുകസമാഹരണം സുതാര്യമായി:  ജില്ലാ കളക്ടര്‍

 

പ്രളയബാധിതരെ സഹായിക്കുന്നതിനായി ജില്ലയില്‍ നടക്കുന്ന ജനകീയ ധനസമാഹരണത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. 17ന് മാത്രം 94 ലക്ഷം രൂപ ഇതിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനകീയ ധനസമാഹരണം കൂടാതെ കഴിഞ്ഞ ദിവസം വരെ 3.41 കോടി രൂപ ലഭ്യമായിട്ടുണ്ട്. 17 വരെ 4.35 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭ്യമായത്.

ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരണം സുതാര്യമായാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തുക നല്‍കുന്നതിന് ആരെയെങ്കിലും നിര്‍ബന്ധിക്കുന്നില്ല.ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെയും എംഎല്‍എമാരുടെയും തദ്ദേശഭരണ ഭാരവാഹികളുടെയും പൂര്‍ണമായ മേല്‍നോട്ടത്തിലാണ് ധനസമാഹരണം നടക്കുന്നത്. സ്വമേധയാ തുക നല്‍കാന്‍ തയാറുള്ള ധാരാളം പേര്‍ ജില്ലയിലുണ്ട്. ഇവരിലേക്കെത്തി ജില്ലയുടെ പുനര്‍നിര്‍മാണത്തിന് ആവശ്യമായ തുക കണ്ടെത്തുന്നതിനാണ് ജനകീയ ധനസമാഹരണം എന്ന ആശയം മുന്നോട്ടുവച്ചത്. പ്രളയബാധിത പ്രദേശങ്ങളില്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുവാന്‍ തയാറായവര്‍ മുതല്‍ തങ്ങളുടെ ചെറു സമ്പാദ്യങ്ങള്‍ കുടുക്ക പൊട്ടിച്ച് നല്‍കിയ കൊച്ചുകുട്ടികള്‍ വരെ എല്ലാ വിഭാഗം ജനങ്ങളുടെയും വലിയ പിന്തുണയാണ് ജനകീയ ധനസമാഹരണത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  

തുക ശേഖരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. തുക നല്‍കുന്ന ആളിന്റെ പേര്, പൂര്‍ണമായ മേല്‍വിലാസം, തുക സ്വീകരിക്കുന്ന ഉദേ്യാഗസ്ഥന്റെയും കൂടെയുള്ള ജനപ്രതിനിധിയുടെയും, സംഭാവന നല്‍കുന്നയാളിന്റെയും ഒപ്പുകള്‍ എന്നിവ  ഇതിന് വേണ്ടി പ്രതേ്യകം തയാറാക്കിയിട്ടുള്ള രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിയാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. ജനകീയ ധനസമാഹരണത്തിലൂടെ ശേഖരിച്ച തുക കൈപ്പറ്റുന്നതിന് ഓരോ വാര്‍ഡിലും ബാങ്ക് ഉദേ്യാഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ധനസമാഹരണത്തിന് ശേഷം അന്ന് വൈകുന്നേരമോ തൊട്ടടുത്ത ദിവസം രാവിലെയോ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരില്‍ നിന്നും ബാങ്ക് ഉദേ്യാസ്ഥര്‍ തുക കൈപ്പറ്റുകയാണ് ചെയ്യുന്നത്. സംഭാവന വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ ഒരു പകര്‍പ്പ് ബന്ധപ്പെട്ട ബാങ്ക് ഉദേ്യാഗസ്ഥന് നല്‍കി. രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തികളുടെ പേരിലാണ് ബാങ്കുകള്‍ തുക  ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുന്നത്.  ഇതുമൂലം സംഭാവന നല്‍കിയിട്ടുള്ള ഓരോരുത്തരുടെയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നും കളക്ടര്‍ പറഞ്ഞു.                   (പിഎന്‍പി 2960/18)

 

date