Skip to main content
എടത്തിരുത്തിയില്‍ സ്‌നേഹഭവനം ഒരുങ്ങുന്നു;  എംഎല്‍എ നിര്‍മ്മാണോദ്ഘാടനം നടത്തി

എടത്തിരുത്തിയില്‍ സ്‌നേഹഭവനം ഒരുങ്ങുന്നു;  എംഎല്‍എ നിര്‍മ്മാണോദ്ഘാടനം നടത്തി

കയ്പമംഗലം നിയോജകമണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ നിര്‍ദ്ധനരും നിരാലംബരുമായി അലഞ്ഞു നടന്നിരുന്ന ഒരു കൂട്ടം കുടുംബങ്ങള്‍ക്കായുള്ള സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപനം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ചാണ് സ്‌നേഹഭവനം നിര്‍മ്മിക്കുന്നത്. സ്വന്തമായ മേല്‍ വിലാസമോ വീടൊ ഒന്നും ഇല്ലാതെ പൂര്‍ണ്ണമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗം ആളുകളെ എംഎല്‍എ യുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായാണ് സംരക്ഷിക്കുന്നത്. 

ഘട്ടംഘട്ടമായാണ് ഈ കുടുംബങ്ങളെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. ആദ്യ ഘട്ടം പൈനൂര്‍ വീട് എന്ന അഡ്രസ്സില്‍ ആധാര്‍ കാര്‍ഡ് എടുത്ത് നല്‍കി. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട്, തിരിച്ചറിയല്‍ കാര്‍ഡ്, മഞ്ഞ റേഷന്‍ കാര്‍ഡ് (അന്ത്യോദയകാര്‍ഡ്) സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ നേടിക്കൊടുത്തു. സ്‌നേഹഭവനം പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഏറ്റെടുത്ത ഏറ്റവും ശ്രമകരമായ ദൗത്യം പൂര്‍ത്തിയാകുമെന്ന് ചടങ്ങില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. 

രണ്ട് നിലയിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ രണ്ടു കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 109.30 ച.മീ വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടത്തില്‍ ഓരോ കുടുംബത്തിനും രണ്ട് ബെഡ്‌റൂമുകള്‍, ഹാള്‍, കിച്ചന്‍, ടോയ്‌ലറ്റ്, യൂട്ടിലിറ്റി ഏരിയ എന്നീ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ പൊതുവായി സ്റ്റെയര്‍, റാമ്പ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 11 മാസമാണ് ഈ പ്രവൃത്തി പൂര്‍ത്തീകരണ കാലാവധി.

 എടത്തിരുത്തി പറയന്‍ കടവ് ചാലിശ്ശേരി റോഡില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ രവീന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.ആര്‍ നിഖില്‍, എം.എസ് നിഖില്‍, വാര്‍ഡ് മെമ്പര്‍ വി.വി ജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ നൗമി പ്രസാദ്, എം.കെ ഫല്‍ഗുണന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.കെ ജ്യോതിപ്രകാശ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.എം സുഹാസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date