Skip to main content
പകല്‍വീടും വനിതാ സ്വയം തൊഴില്‍ സംരംഭവും തുറന്നു

പകല്‍വീടും വനിതാ സ്വയം തൊഴില്‍ സംരംഭവും തുറന്നു

കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ പകല്‍വീടും വനിതാ സ്വയംതൊഴില്‍ സംരംഭവും എ സി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 

വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഴാം വാര്‍ഡ് പാഴിയോട്ടുമുറിയില്‍ വനിതാ സ്വയം സഹായക സംഘം വര്‍ക്ക് ഷെഡ് യാഥാര്‍ഥ്യമാക്കിയത്. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.83 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി വിനിയോഗിച്ചത്.

വയോജനങ്ങളുടെ മാനസിക- ശാരീരികോല്ലാസത്തിനായാണ് പകല്‍ വീട് ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 12 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും 1ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലളിത ഗോപി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബീന രമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സ്ഥലം വിട്ടു നല്‍കിയ മഞ്ഞപറ്റ പാഴിയോട്ടുമന കൃഷ്ണന്‍ ഭട്ടത്തിരിപ്പാടിനെ  ആദരിച്ചു. 

നേത്രന്‍ ഭട്ട തിരിപ്പാട്, ഗൗരി അന്തര്‍ജനം എന്നിവരുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ സൗജന്യമായി നല്‍കിയ 15 സെന്റ് സ്ഥലത്താണ് പകല്‍വീടും വനിതാ സ്വയം സഹായക സംഘത്തിനുള്ള വര്‍ക്ക് ഷെഡും നിര്‍മിച്ചിട്ടുള്ളത്.

date