Skip to main content
ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ രാജന്‍

ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ രാജന്‍

സ്‌നേഹ ഭവനത്തില്‍ മായയ്ക്കു സ്വപ്ന സാക്ഷാത്കാരം

ഭരണമികവില്‍ മാതൃക തുടര്‍ന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നിര്‍മിച്ച സ്‌നേഹ ഭവനത്തിന്റെ സമര്‍പ്പണം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഇച്ഛാശക്തിയുള്ള ഭരണനേതൃത്വത്തിന്റെ മികവാണ് സ്‌നേഹഭവനമെന്നും സംസ്ഥാനത്തൊട്ടാകെ മാതൃകയാക്കേണ്ട പ്രവര്‍ത്തനമാണ് ഒല്ലൂക്കര ബ്ലോക്ക് കാഴ്ച വച്ചതെന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയോട് ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭവന നിര്‍മാണത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് ബാബു, മടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹന്‍, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി ആര്‍ സുരേഷ് ബാബു, സാവിത്രി രാമചന്ദ്രന്‍, കെ പി പ്രശാന്ത്, പുഷ്പചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ജെയിമി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌നേഹതണലില്‍...

നഷ്ടപെടലുകളുടെ വേദനകള്‍ക്കിടയിലും സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മായ പ്രതീക്ഷിച്ചിരുന്നില്ല ഒരു വീട് സ്വന്തമാകുമെന്ന്. പ്രതീക്ഷകളുടെ അസ്തമനത്തിനിടെയാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌നേഹഭവനം മാടക്കത്തറ എട്ടാം വാര്‍ഡ് സ്വദേശിനിയായ മായക്കും മൂന്ന് പെണ്‍മക്കള്‍ക്കുമായി ഒരുങ്ങിയത്. ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളും 80 ഓളം വരുന്ന ജീവനക്കാരും ചേര്‍ന്നാണ് എട്ട് ലക്ഷം രൂപ ചെലവില്‍ 650 സ്‌ക്വയര്‍ഫീറ്റില്‍ സ്‌നേഹ ഭവനം നിര്‍മിച്ചത്. 

2022 ഓണാഘോഷത്തിന് ശേഷം ഉണ്ടായ ചിന്തയില്‍ നിന്നാണ് തുടര്‍ന്നുള്ള ആഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ കുറച്ച് നിര്‍ധനരായ ഒരു കുടുംബത്തിന് സ്‌നേഹഭവനം ഒരുക്കാന്‍ ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവിയുടെ നേതൃത്വത്തില്‍ തീരുമാനിക്കുന്നത്. ബ്ലോക്കിന് കീഴിലുള്ള നാല് പഞ്ചായത്തുകളില്‍ നിന്നും അര്‍ഹരായവരെ തിരയുന്നതിന്റെ ഭാഗമായാണ് മാടക്കത്തറ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് സ്വദേശിനിയായ വിധവയും നിര്‍ധനയുമായ മായയെ കണ്ടെത്തുന്നത്. ടാപ്പിംഗ് തൊഴിലാളിയായിരുന്ന മായയുടെ ഭര്‍ത്താവ് ഷാജി രണ്ടുവര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. വിവിധ രോഗങ്ങളാല്‍  ബുദ്ധിമുട്ടുന്ന മായ പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. പ്ലസ് വണ്ണിലും ഏഴിലും അഞ്ചിലും പഠിക്കുന്ന മൂന്നു പെണ്‍മക്കളാണ് ഉള്ളത്. അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ നാട്ടുകാര്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന ചെറു സഹായങ്ങളാണ് ഇവരെ മുന്നോട്ട് കൈപിടിക്കുന്നത്. 

സ്‌നേഹഭവനം ഒരുങ്ങിയതിനു പുറമേ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂത്ത മകള്‍ക്ക് തുടര്‍പഠനത്തിന് സ്‌പോണ്‍സറെയും കണ്ടെത്തി. അങ്കമാലി സ്വദേശിയായ വിദേശ മലയാളിയാണ് ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കുന്നത്. മികച്ച സ്‌നേഹസന്ദേശം നല്‍കുന്ന മാതൃകയാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്‌നേഹഭവനം ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.

date