Skip to main content

നവ കേരള നഗരനയം: അർബൻ പോളിസി കമ്മീഷൻ യോഗം തുടങ്ങി

നവകേരള നഗരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ  രൂപീകരിച്ച കേരള അർബൻ പോളിസി കമ്മീഷൻ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.
ദേശീയ തലത്തിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ ഭൂപ്രകൃതിയും പ്രാദേശിക വികസന സാധ്യതകളും മറ്റ് പ്രത്യേകതകളും അടിസ്ഥാനമാക്കി കേരളത്തിന്റെ നഗരനയം രൂപീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ജനസംഖ്യാനുപാതവും ജനങ്ങളുടെ ആവാസ വ്യവസ്ഥയുടെ ഘടനയും  കണക്കിലെടുത്ത് ഭൂപ്രകൃതിക്ക് അനുസരിച്ച് നയം രൂപീകരിക്കേണ്ടതുണ്ട്.  മലയോര മേഖലയും  തീരപ്രദേശങ്ങളും  ഇതിനിടയിലുള്ള മറ്റ് ഭാഗങ്ങളും ഉൾപ്പെട്ട ഘടനയാണ് സംസ്ഥാനത്തിന്റെത്. നഗരവും മറ്റ് ഗ്രാമപ്രദേശങ്ങളും തമ്മിൽ നേരിയ അതിർ വരമ്പുകൾ പാലിച്ച് വികസനം മുന്നേറുമ്പോൾ ജനജീവിതത്തെ ബാധിക്കാത്ത വിധം കെട്ടിടങ്ങളുടെ രൂപകല്പനയിൽ വരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ നിർദ്ദേശിച്ചു.

കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം,  വനിതാ ശിശു സൗഹൃദ പദ്ധതികൾ, അതിഥി തൊഴിലാളികളുടെ എണ്ണം, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, മൈഗ്രേഷൻ, റിയൽ എസ്റ്റേറ്റ്, സംസ്ഥാനത്ത് കണ്ടു വരുന്ന പകർച്ച വ്യാധികൾ, തുടങ്ങി ഒട്ടേറെ ഘടകങ്ങൾ അടിസ്ഥാനമാക്കി  വികസനത്തിനായി മികച്ച നഗരനയത്തിനുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു. നഗരനയ രൂപീകരണത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് പോലുള്ള നവസാങ്കേതിക വിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും യോഗം ചർച്ച ചെയ്തു.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് യോഗത്തിൽ വിഷയം അവതരിപ്പിച്ചു.
അർബൻ കമ്മീഷൻ ചെയർമാൻ ഡോ. എം. സതീഷ് കുമാർ,  കോ ചെയർമാൻമാരായ  അഡ്വ. എം. അനിൽകുമാർ, ഡോ. ഇ നാരായണൻ, കമ്മീഷൻ അംഗങ്ങളായ ഡോ. ജാനകി നായർ, കൃഷ്ണദാസ്, ഡോ. കെ. എസ് ജെയിംസ്, വി. സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. വൈ' വി.എൻ. കൃഷ്ണ മൂർത്തി, പ്രൊഫസർ കെ.ടി. രവീന്ദ്രൻ, ടിക്കന്ദർ സിങ് പൻവാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ചർച്ചയിൽ കേരളത്തിന്റെ പൊതു കാര്യങ്ങൾ സംബന്ധിച്ച് തദ്ദേശസ്വയം ഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള സംസാരിച്ചു. കുടുംബശ്രീയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, അർബൻ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സി ആർ. ഡി.പി. സ്പെഷൽ ഓഫീസർ അജിത്കുമാർ, ചീഫ് ടൗൺ പ്ലാനർ എച്ച്. പ്രശാന്ത്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ടി.ജി.ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന്  സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ പ്രൊഫ. ഡോ. വി.കെ. രാമചന്ദ്രനുമായി അർബൻ കമ്മീഷൻ ചർച്ച നടത്തി. ചർച്ചകളിൽ പ്ലാനിങ് ബോർഡ് അംഗങ്ങളായ പ്രൊഫ. ജിജു പി.അലക്സ് , ഡോ.' പി.കെ. ജമീല, മിനി സുകുമാർ, ഡോ. കെ. രവി രാമൻ, ചീഫ് ഡീ സെൻട്രലൈസ്ഡ് പ്ലാനിങ്ങ് ജോസഫൈൻ തുടങ്ങിയവർ പങ്കെടുത്തു. അർബൻ കമ്മീഷൻ നയ രൂപീകരണ ചർച്ചയിൽ അഡീഷണൽ ചീഫ് സെക്രട്ടറി പ്ലാനിങ്ങ് & എക്കണോമിക് അഫയേഴ്സ്  ശാരദാ മുരളീധരൻ, അർബൻ ഡയറക്ടർ അലക്സ് വർഗീസ്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ തുടങ്ങിയവർ പങ്കെടുത്തു.

date