Skip to main content
ജില്ലാ തല അവലോകന കമ്മിറ്റി

വന്യജീവി ആക്രമണം:ജില്ലാതല അവലോകന കമ്മിറ്റി യോഗം ചേർന്നു

മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ രൂപീകരിച്ച ജില്ലാ തല അവലോകന കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാതല കമാൻഡ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതികളിലെ  കാലതാമസം, തിരുത്തൽ നടപടികൾ  സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
വന്യജീവി സാന്നിധ്യം കൂടുതലുള്ള തദ്ദേശ സ്ഥാപന പരിധികളിലെ  പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ ക്രിയാത്മകമായി പ്രവർത്തിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി മുഖേന ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ  വനത്തിനകത്ത് കുളങ്ങൾ നിർമിക്കാനും ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കും. സെന്ന ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ത്വരിതപ്പെടുത്തണം, കാടും നാടും വേർതിരിക്കുന്നതിന് ഫെൻസിങ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. വനത്തോട് ചേർന്നുള്ള റോഡ് അരികുകളിലെയും സ്വകാര്യ തോട്ടങ്ങളിലെയും കാട് വെട്ടൽ ഫലപ്രദമായി നടപ്പാക്കണം. ബീനാച്ചി എസ്റ്റേറ്റിന് ചുറ്റും വേലി കെട്ടി ജനസുരക്ഷ ഉറപ്പാക്കണം. വന്യമൃഗ ആക്രമണത്തിനുള്ള നഷ്ടപരിഹാര തുക സംബന്ധിച്ച് കേന്ദ്രത്തിൽ ഔദ്യോഗിക ഇടപെടലുകൾ നടത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ വനം വകുപ്പിനോട് യോഗം നിർദ്ദേശിച്ചു. ജില്ലാതല അവലോകന കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കൽ ചേരാനും അടിയന്തരഘട്ടങ്ങളിൽ യോഗം  ചേരാനും തീരുമാനമായി. വന്യജീവി ആക്രമണം തടയുന്നതിന് നോഡൽ ഓഫീസരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ജില്ലാ തല അവലോകന കമ്മിറ്റിക്ക് മുൻപാകെ  അവതരിപ്പിച്ച് ചർച്ച ചെയ്യാൻ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗ തീരുമാന പ്രകാരമാണ് ജില്ലയിൽ ജില്ലാ തല അവലോകന കമ്മിറ്റി രൂപീകരിച്ചത്.

കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എ മാരായ ഒ.ആർ കേളു, ടി.സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജില്ലാ പോലീസ് മേധാവി ടി.നാരായണൻ, എ.ഡി.എം കെ. ദേവകി, സബ് കളക്ടർ മിസൽ സാഗർ ഭരത്, ഫോറസ്റ്റ് സ്പെഷ്യൽ ഓഫീസർ വിജയാനന്ദൻ, നോഡൽ ഓഫീസർ ദീപ കെ എസ്, ഡി.എഫ്.ഒ മാരായ ഷജ്ന കരീം, മാർട്ടിൻ ലോവൽ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date