Skip to main content

തീരമണ്ഡലമായ വൈപ്പിൻ്റെ വികസനത്തിന് പ്രത്യേക പരിഗണന: മന്ത്രി സജി ചെറിയാൻ

 

തീരമണ്ഡലമായ വൈപ്പിൻ്റെ സമഗ്ര വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാൻ. ഗോശ്രീ ജംഗ്‌ഷനിലെ വൈപ്പിൻ ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ വിജ്ഞാപന പ്രഖ്യാപനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികളുടെ സുസ്ഥിര ക്ഷേമം ഉറപ്പാക്കും. ഫിഷ്‌ലാൻഡിംഗ് സെന്ററിന്റെ വികസന വഴിയിൽ പുതിയൊരു അധ്യായത്തിനാണ് സ്ഥലമേറ്റെടുക്കുന്നതിലൂടെ തുടക്കമാകുന്നതെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അസാധ്യമെന്നു കരുതപ്പെട്ട ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനം ഇപ്പോൾ അരികിലാണെന്നും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ ബന്ധപ്പെട്ട എല്ലാവരുടെയും ജാഗ്രതയുണ്ടാകണമെന്നും കെ.എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കണ്ണിലെ കൃഷ്ണമണി പോലെയാണ് സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുന്നത്.

സെന്ററിന്റെ അപ്രോച്ച് റോഡിനും പാർക്കിംഗ് ഏരിയയ്ക്കുമായി നെഗോഷ്യബിൾ പർച്ചേസ് പ്രകാരം12.552 സെന്റ് സ്ഥലമാണ് 2.51 കോടി രൂപ വിനിയോഗിച്ച് ഏറ്റെടുക്കുന്നത്. 12,55,200 രൂപ പ്രാരംഭ പ്രവർത്തന ഫണ്ടായി റവന്യൂ വകുപ്പിന് നേരത്തെ തന്നെ കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുത്തശേഷമേ ഫിഷ്‌ലാൻഡിംഗ് സെന്ററിന്റെ തുടർ വികസനം സാധ്യമാകൂ എന്നതിനാൽ മൂലധന ചെലവ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തുക അടിയന്തിരമായി അനുവദിച്ചതെന്നും എംഎൽഎ പറഞ്ഞു.

വിജ്ഞാപന പ്രഖ്യാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമൻ, സരിത സനൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, മേരി വിൻസെന്റ്, രസികല പ്രിയരാജ്, കെ.എസ് നിബിൻ, മിനി രാജു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, ഫിഷറീസ് ജോയിന്റ് ഡയറക്‌ടർ എസ് മഹേഷ്, ഡെപ്യൂട്ടി ഡയറക്‌ടർ ബെൻസൺ, അസിസ്റ്റന്റ് ഡയറക്‌ടർ അനീഷ്, ഹാർബർ എഞ്ചിനീയറിംഗ് സൂപ്രണ്ടിംഗ് എൻജിനീയർ വിജി കെ തട്ടാമ്പുറം, മത്സ്യഫെഡ് ജില്ല മാനേജർ സുധ എന്നിവർ സംസാരിച്ചു. 

മറ്റു ജനപ്രതിനിധികൾ,  ഞാറക്കൽ - നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി.ജി ജയകുമാർ,  പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ജില്ല സെക്രട്ടറി പി.വി ജയൻ, മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എ.കെ ശശി,  മത്സ്യത്തൊഴിലാളി കോൺഗ്രസ് ഭാരവാഹി എ.ജി ഫൽഗുനൻ, മുൻ പഞ്ചായത്ത് അംഗം പി.കെ ബാബു എന്നിവരും ഉദ്യോസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

date