Skip to main content

പ്രചോദനമായി സ്‌കെയില്‍ അപ്പ് കോണ്‍ക്ലേവിലെ വിജയഗാഥകള്‍ 

 

സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമായി സ്‌കെയില്‍ അപ്പ് കോണ്‍ക്ലേവിലെ നാല് വിജയഗാഥകള്‍. ഇന്റര്‍വെല്‍ ഇല്ലാത്ത യാത്രയിലൂടെ 'ഇന്റര്‍വെല്‍' ഇന്‍ഡിവിജ്വല്‍ ട്യൂഷന്‍ കണ്‍സെപ്റ്റിനെ വിജയത്തിലെത്തിച്ച റമീസ് അലിയും  നാല് കൂട്ടുകാരും 39 ലധികം രാജ്യങ്ങളിലാണ് അവരുടെ ബിസിനസ് സാമ്രാജ്യം പണിതുയര്‍ത്തിയത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനായി പരിശീലനം നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് ഇന്റര്‍വെല്‍.  1500 രൂപ വാടക കെട്ടിടത്തില്‍ തുടങ്ങിയ ഇന്റര്‍വെല്‍ ഇന്ന് കോടികളുടെ വരുമാനം നേടുന്ന കമ്പനിയാണ്. 2021ല്‍ ആരംഭിച്ച സ്ഥാപനം കോവിഡില്‍  തളര്‍ന്നു പോയപ്പോഴും  അഞ്ച് ചങ്ങാതിമാരുടെ കൂട്ടായ പരിശ്രമ ഫലമാണ് ഇന്ന് വിജയത്തിലെത്തിയിരിക്കുന്നത്. 

സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുന്ന ജെന്‍ റോബോട്ടിക്‌സ് ഇന്ന്   രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുന്ന കമ്പനിയാണ്. മാന്‍ഹോളില്‍ ഇറങ്ങി ജീവന്‍ പൊളിഞ്ഞ രണ്ട് തൊഴിലാളികളുടെ പത്രവാര്‍ത്തയില്‍ നിന്നാണ് ജെന്‍ റോബോട്ടിക്‌സ് എന്ന ആശയത്തിന്റെ തുടക്കം. അപകടകരമായ മേഖലയില്‍ ജോലി ചെയ്യുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ജെന്റോബോട്ടിക്‌സ്  തുടക്കം കുറിച്ചതെന്ന് ജെന്‍ റോബോട്ടിക്‌സ് ഉടമ കെ. റാഷിദ് പറഞ്ഞു.

ഏയ്‌സ് മണി ഉടമ നിമിഷ ജെ വടക്കനും ഇലക്ട്രിക് ബോട്ട് നിര്‍മ്മാണ കമ്പനിയായ നോവാള്‍ട്ട് സി.എം.ഒ അര്‍ജുന്‍ സേതു നാഥും  വിജയകരമായി മുന്നേറുന്ന തങ്ങളുടെ  സ്റ്റാര്‍ട്ടപ്പുകളുടെ വിജയരഹസ്യം കോണ്‍ക്ലേവില്‍  പങ്കുവെച്ചു. 

കേരളത്തില്‍ വ്യവസായിക സൗഹൃദ ചുറ്റുപാട് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  കെ.എസ്.ഐ.ഡി.സി,  കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍,  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ്,  ഇന്‍വെസ്റ്റ് കേരള എന്നിവര്‍ സംയുക്തമായാണ് മറൈന്‍ഡ്രൈവിലെ ഹോട്ടല്‍ താജ് വിവാന്റയില്‍ സ്‌കെയില്‍ അപ്പ് കോണ്‍ക്ലേവ് -24 സംഘടിപ്പിച്ചത്.

date