Skip to main content

മാധ്യമ മേഖലയെ കുറിച്ചുള്ള അർത്ഥവത്തായ സംവാദങ്ങൾക്ക് വഴിയൊരുക്കാൻ മീഡിയ കോൺക്ലേവിന് സാധിച്ചു : ജോൺ ബ്രിട്ടാസ് എം. പി

 

കേരള മീഡിയ അക്കാദമി മീഡിയ കോൺക്ലേവിന് സമാപനം

 മാറുന്ന മാധ്യമ മേഖലയെ കുറിച്ചുള്ള അർത്ഥവത്തായ സംവാദങ്ങൾക്ക് വഴിയൊരുക്കാൻ മീഡിയ കോൺക്ലേവിന് കഴിഞ്ഞുവെന്ന്  ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. മൂന്നു ദിവസങ്ങളിലായി കേരള മീഡിയ അക്കാദമി ക്യാമ്പസിൽ നടന്നുവന്നിരുന്നു മീഡിയ കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പുതുമ തലമുറയെ മാധ്യമ രംഗവുമായി വിളക്കി ചേർക്കാൻ ഇത്തരം പരിപാടികൾ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മാധ്യമ ലോകത്ത് ദിശാബോധം പടർത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. സ്വതന്ത്ര മാധ്യമപ്രവർത്തനം അസാധ്യമായ ഘട്ടത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിൽ മാധ്യമ മേഖലയെകുറിച്ച് സധൈര്യം സംസാരിക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

 തുടർന്ന് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.  ക്വിസ് പ്രസ് വിജയികൾക്കുള്ള  പുരസ്കാര വിതരണവും നിർവഹിച്ചു.

ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര-സംസ്ഥാന മന്ത്രി കെ. വി തോമസ്, മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം,കെ യു ഡബ്ല്യുജെ പ്രസിഡന്റ് എം.വി വിനീത , കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ പി എസ് സുഭാഷ്, സെക്രട്ടറി അനിൽ ഭാസ്കർ എന്നിവർ പങ്കെടുത്തു.

date