Skip to main content

സീപോർട്ട് - എയർപോർട്ട് റോഡ്: കിഫ്ബി 722.04 കോടി രൂപ അനുവദിച്ചു 

 

സമയക്രമം നിശ്ചയിച്ച് പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ്

സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിൻ്റെ ഭാഗമായി എൻ.എ.ഡി - മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി രൂപ കൂടി അനുവദിക്കാൻ കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചു. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതാധികാര യോഗത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് കിഫ്ബി ബോർഡ് യോഗത്തിൽ പരിഗണിക്കാൻ നിർദ്ദേശിച്ചിരുന്നു. സമയക്രമം നിശ്ചയിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 

കിഫ്ബി അനുവാദം നൽകിയ പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച്  618.62 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും 103.42 കോടി റോഡ് നിർമ്മാണത്തിനും ചെലവഴിക്കും. തൃക്കാക്കര നോർത്ത്, ചൂർണിക്കര, ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ് വില്ലേജുകളിലായാണ് ഭൂമി ഏറ്റെടുക്കുക.722 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കപ്പെട്ടതോടെ ഉയർന്ന ഗുണനിലവാരവും സുരക്ഷിതത്വവുമുള്ള റോഡാണ് സാക്ഷാത്കരിക്കപ്പെടുകയെന്ന് മന്ത്രി പറഞ്ഞു.

സീപോർട്ട് - എയർപോർട്ട് വികസനത്തിൻ്റെ ഭാഗമായി നാലുവരിയാക്കാൻ അവശേഷിക്കുന്ന ഭാരത് മാത കോളേജ് - കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് - ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കാനും എച്ച്. എം.ടി, എൻ.എ.ഡി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.35 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കാൻ സുപ്രീം കോടതി അനുമതി തേടിയിട്ടുണ്ട്.

date