Skip to main content

ക്യഷിനാശം : ജില്ലയിലെ കര്‍ഷകര്‍ക്ക് 34.84 കോടിയുടെ ദുരിതാശ്വാസ ധനസഹായം.

ജില്ലയില്‍ പ്രകൃതിക്ഷോഭം മൂലം കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്കാശ്വാസമായി ക്യഷിവകുപ്പ് 34.84 കോടി രൂപയുടെ ദുരിതാശ്വാസ സഹായം അനുവദിച്ചു. ഇതില്‍ 17.42 കോടി രൂപ സപ്തംബര്‍ 29നകം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷി അസി. ഡയറക്ടര്‍മാര്‍ വഴി നല്‍കാന്‍ നടപടി സ്വീകരിച്ചതായി പ്രിന്‍സിപ്പല്‍ ക്യഷി ഓഫിസര്‍ അറിയിച്ചു. ബാക്കി തുക ഉടന്‍ കൈമാറും.
സാമ്പത്തിക സഹായം വഴി 32939 കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് പുതുകൃഷിയിറക്കുന്നതിന് ദുരിതാശ്വാസ സഹായം വളരെ ഉപകാരപ്രദമാവുമെന്നാണ് കരുതുന്നത്. 2013 മുതല്‍ 2018 ജൂണ്‍ മാസംവരെയുള്ള കുടിശ്ശികതീര്‍ക്കുന്നതിന് 12.14 കോടി രൂപയും 2018 ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പ്രകൃതിക്ഷോഭം മൂലം ഉണ്ടായ വിളനാശങ്ങള്‍ക്ക് 5.27 കോടി രൂപയുമാണ്  പ്രാഥമിക ദുരിതാശ്വാസ സഹായമായി അനുവദിച്ചിരിക്കുന്നത്. സപ്തംബര്‍ 29 നകം തുക കര്‍ഷകരുടെ ബാങ്ക്അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
പ്രകൃതിക്ഷോഭ ദുരിതാശ്വാസവിതരണത്തിന്റെ ഭാഗമായി ആര്‍ഭാടരഹിതമായി വളരെ വിപുരമായ പരിപാടികള്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ത്രിതലതദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ മുതലായവരെ പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്ത്തലത്തില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രകൃതിക്ഷോഭം മൂലം കൃഷിഭൂമികളില്‍ വന്നു ചേര്‍ന്നിട്ടുള്ള മണ്ണ്, മണല്‍ എന്നിവയുടേയും കുന്നില്‍ പ്രദേശങ്ങളിലെ കൃഷി ഭൂമികളില്‍ വന്നു ചേര്‍ന്നിട്ടുള്ള അവശിഷ്ട വസ്തുക്കള്‍ എന്നിവയുടേയും നീക്കംചെയ്യല്‍, ഉരുള്‍പ്പൊട്ടല്‍ മൂലം കൃഷിഭൂമിക്കുണ്ടായ രൂക്ഷമായ നാശനഷ്ടങ്ങള്‍ മുതലായവയ്ക്ക് ദുരന്തനിവാരണ പദ്ധതി പ്രകാരം കൃഷി ഭവന്‍ ഓഫീസര്‍മാരുടെ സ്ഥലം പരിശോധനയുടെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസ സഹായം അനുവദിക്കുന്നതാണ്.
2018 ജൂലൈ, ആഗസ്ത് മാസങ്ങളിലെ പ്രകൃതിക്ഷോഭം മൂലം വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുള്ള ജില്ലയിലെമുഴുവന്‍ കര്‍ഷകര്‍ക്കും ദുരിതാശ്വാസ സഹായം നല്‍കുന്നതിനുള്ള തുക കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറും, ജില്ലാ കളക്ടറും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
പ്രകൃതിക്ഷോഭത്തിന് ശേഷമുള്ള കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാല 22 ന് രാവിലെ 10 ന് നടക്കും.
വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങളില്‍ പുതിയതായി കൃഷിയിറക്കുന്നതിനുള്ള സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ കൃഷി ഭവനുകളില്‍നിന്നും ലഭിക്കുന്നതായിരിക്കും.

 

date