Skip to main content
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള ജില്ലാതല സെല്‍ യോഗം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍      287 പേരെ പുതിയതായി ഉള്‍പ്പെടുത്താന്‍ സെല്‍ തീരുമാനം

   ഃ 608 പേര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ പുതിയതായി 287 പേരെ ഉള്‍പ്പെടുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള ജില്ലാതല സെല്‍ യോഗം തീരുമാനിച്ചു. നിലവില്‍ 5209 പേരാണ് ലിസ്റ്റിലുള്ളത്.  മാത്രമല്ല 608 പേര്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കുവാനും സെല്‍ ചെയര്‍മാന്‍കൂടിയായ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 
    കഴിഞ്ഞ എപ്രില്‍ ആദ്യവാരത്തില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ 27 പഞ്ചായത്തുകളില്‍ നിന്നാണ് 287 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത 608 പേര്‍ക്കാണ് സൗജന്യ ചികിത്സലഭിക്കുന്നത്. 27 പഞ്ചായത്തുകളില്‍ ഒരെണ്ണം കണ്ണൂര്‍ ജില്ലയിലാണ്.  മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം രോഗികളെ പരിശോധിച്ച് തയ്യാറാക്കിയ പട്ടികയും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ ഫീല്‍ഡ്തല പരിശോധന പൂര്‍ത്തിയാക്കി ഡോക്ടര്‍മാരുടെ പാനല്‍ വീണ്ടും പരിശോധിച്ചതിനു ശേഷമാണ് അന്തിമപട്ടിക ജില്ലാതല സെല്ലിന് സമര്‍പ്പിച്ചത്. ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കുവാന്‍  സര്‍ക്കാരിനോട് സെല്‍ ആവശ്യപ്പെട്ടതുപ്രകാരം ഒരു വര്‍ഷംകൂടി ദീര്‍ഘിപ്പിക്കുവാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. 
    ശാരീരിക അവശതകള്‍മൂലം മെഡിക്കല്‍ ക്യാമ്പില്‍ നേരിട്ട് പങ്കെടുക്കുവാന്‍ കഴിയാത്തതിനാല്‍ ആരെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അക്കാര്യം പരിശോധിക്കുവാന്‍ ജില്ലാകളക്ടറോട് മന്ത്രി നിര്‍ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെടുത്തി  നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതികളില്‍ തദ്ദേശസ്ഥാപനങ്ങളിലെ 181 പദ്ധതികളില്‍ 128 എണ്ണം പൂര്‍ത്തിയാക്കി. വാട്ടര്‍ അതോറിട്ടിയുടെ 56 പദ്ധതികളില്‍ 36 എണ്ണവും പൂര്‍ത്തിയായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മുഴുവന്‍ കുടുംബങ്ങളെയും മുന്‍ഗണനാപട്ടികയിലുള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരുമായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക സമര്‍പ്പിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറോട് മന്ത്രി നിര്‍ദേശിച്ചു. 
    പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ ബാരലുകളില്‍ സൂക്ഷിച്ചിട്ടുള്ള നിര്‍വീര്യമാക്കുന്നതിനുള്ള രണ്ടായിരം ലിറ്ററോളം എന്‍ഡോസള്‍ഫാന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിന് നിഷ്പക്ഷമായ രണ്ടു സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് ഉടന്‍ സാമ്പിള്‍ പരിശോധിക്കുമെന്ന് ജില്ലാകളക്ടര്‍ ജീവന്‍ ബാബു.കെ പറഞ്ഞു. പരിശോധനഫലം ലഭിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
    എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍,  ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെല്‍ അംഗങ്ങള്‍, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ആര്‍ഡിഒ സി.ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

date