Skip to main content
ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെയും അനുബന്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ജില്ല കളക്ടർ അലക്സ്

ദേശീയ ഡെങ്കിപ്പനി ദിനാചരണം ഹോട്ട്സ്പ്പോട്ട് ശുചീകരണം ഊർജിതമാക്കും- ജില്ല കളക്ടർ

ആലപ്പുഴ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെയും അനുബന്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണ രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഊർജിതമായി നടത്തിവരുന്നതായി ജില്ല കളക്ടർ പറഞ്ഞു. ഹോട്ട്സ്പ്പോട്ടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊതുകുജന്യ ജലജന്യ രോഗങ്ങൾ തടയാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദേഹം ഓർമ്മിപ്പിച്ചു.

മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ "മുന്നേയൊരുങ്ങാം മഴക്കാല രോഗങ്ങളെ മാറ്റിനിർത്താം" എന്ന മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്യാമ്പയിൻ പോസ്റ്റർ  ജില്ല കളക്ടർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോണിന് നൽകി പ്രകാശനം ചെയ്തു. ഡെങ്കി പ്രതിരോധ പ്രതിജ്ഞ ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ വിനോദ് കുമാർ ചൊല്ലി കൊടുത്തു. ഡെങ്കി പ്രതിരോധ ബോധവൽക്കരണ പ്രദർശനം, ഗവൺമെൻറ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവയും നടന്നു.

ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി ഉറവിട നശീകരണം അടക്കമുള്ള ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ജില്ല ആരോഗ്യ വിഭാഗം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഡെങ്കി പ്രതിരോധം കുട്ടികളുടെ കുടുംബങ്ങളിലേക്ക് എന്ന ആശയത്തിൽ കുട്ടിക്കൂട്ടം ക്യാമ്പയിൻ,  ജില്ലയിലെ എൽപി/യു. പി./ഹൈസ്കൂൾ/ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ എന്നിവ നടത്തും.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനന്ത് മോഹൻ,  ജില്ല സർവൈലൻസ് ഓഫീസർ ഡോ. എസ്.എൻ. ജീന, ജില്ല ടി.ബി. ഓഫീസർ ഡോ. എം.എം. ഷാനി, ഡോ. അനീഷ്, ഹെൽത്ത് ഓഫീസർ കെ.പി. വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസിലെ പ്രോഗ്രാം ഓഫീസേഴ്സ് തുടങ്ങിയവർ പങ്കെടുത്തു

date