Skip to main content

കോളേജ് തല സ്‌പോർട്‌സ് ലീഗുകൾ ആലോചനയിൽ; രൂപരേഖയുണ്ടാക്കും: മന്ത്രി ഡോ. ആർ ബിന്ദു

കോളേജ് തലങ്ങളിൽ പ്രൊഫഷണൽ സ്‌പോർട്‌സ് ലീഗുകൾ സംഘടിപ്പിക്കുന്നതിനെപ്പറ്റി പ്രാഥമിക രൂപരേഖ തയ്യാറാക്കാൻ സമിതി രൂപീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രൂപരേഖ ലഭിച്ച ശേഷം വേണ്ട നടപടിക്രമങ്ങൾ ആലോചിക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇതിന് ധാരണയായത്.

അന്താരാഷ്ട്ര സ്‌പോർട്‌സ് ഉച്ചകോടിയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ സംബന്ധിച്ചായിരുന്നു കായിക വകുപ്പ് മന്ത്രിയുമായി ചേംബറിൽ കൂടിക്കാഴ്ച നടത്തിയത്. കോളേജ് തലത്തിൽ സ്‌പോർട്‌സിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതും അതുവഴിയുള്ള വരുമാനസാധ്യത കണ്ടെത്തലും യോഗത്തിൽ ചർച്ചചെയ്തു. 

കോളേജ് തലങ്ങളിൽ സ്‌പോർട്‌സ് ലീഗ് എങ്ങനെ പ്രാവർത്തികമാക്കാമെന്ന കാര്യത്തിൽ  ഒരു രൂപരേഖ തയ്യാറാക്കാനാണ് സമിതിയെ ചുമതലപ്പെടുത്തുക. സ്‌പോർട്‌സ് ലീഗ് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 60 ലക്ഷം രൂപ നൽകാമെന്ന് കായികവകുപ്പ് അറിയിച്ചിട്ടുണ്ട് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പി.എൻ.എക്‌സ്. 1815/2024

date