Skip to main content

വോട്ടെണ്ണല്‍: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

 

ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പ് 2024-ന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു.

ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സെന്റ് ജോസഫ്‌സ് കോളജ് ഫോര്‍ വിമന്‍, എച്ച്. എസ്. ആന്‍ഡ് എച്ച്.എസ്.എസ് ആണ് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജാണ് മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം. അരൂര്‍, കായംകുളം, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ സെന്റ് ജോസഫ്‌സ് കോളജ് ഫോര്‍ വിമനില്‍ നടക്കും. ആലപ്പുഴ, ഹരിപ്പാട്, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലും ചേര്‍ത്തല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്സിലും നടക്കും. 

രാവിലെ ഏഴ് മണിക്ക് സ്‌ട്രോങ് റൂം തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. എട്ട് മണിക്ക് കൗണ്ടിംഗ് ആരംഭിക്കും. ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റല്‍ ബാലറ്റുകളാണ്. ശേഷം ഇ.വി.എമ്മുകള്‍ എണ്ണിത്തുടങ്ങും. ഒരോ നിയോജക മണ്ഡലത്തിലും 14 ടേബിളുകളിലായാണ് വോട്ടുകള്‍ എണ്ണുന്നത്. ഒരു റൗണ്ടില്‍ ഒരു നിയോജക മണ്ഡലത്തില്‍ 14 പോളിംഗ് ബൂത്തുകള്‍ എണ്ണിത്തീരും. സ്ഥാനാര്‍ഥികളുടെ ഒരു കൗണ്ടിംഗ് ഏജന്റിനെ ഒരോ കൗണ്ടിംഗ് ടേബിളിലും നിയോഗിക്കും. ഇതുകൂടാടെ എ.ആര്‍.ഒ. യുടെ ടേബിളിലും ഒരു കൗണ്ടിംഗ് ഏജന്റിനെ വീതം നിയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്ന പാസ് ഇല്ലാത്തവര്‍ക്ക് ്കൗണ്ടിംഗ് സ്ഥലത്തേക്ക് പ്രവേശനമില്ല. എല്ലാ കൗണ്ടിംഗ് ടേബിളും ടേബിളിലെ ഉദ്യോഗസ്ഥരും ക്യാമറ നിരീക്ഷണത്തിലായിരിക്കും. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. ഇവ സൂക്ഷിക്കാനായി പ്രത്യേകം ക്ലോക് റൂം സജ്ജീകരിക്കും. 

ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മാവേലിക്കര ആര്‍.ഒ. ആയ എ.ഡി.എം. വിനോദ് രാജ്, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, തിരഞ്ഞടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date