Skip to main content

പകർച്ചവ്യാധി പ്രതിരോധത്തിന് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും: ജില്ലാ കളക്ടർ

 

  • പ്രഥമം പ്രതിരോധം 3.0 മേയ് 27 മുതൽ ജൂൺ 21 വരെ

കോട്ടയം: കാലവർഷത്തെത്തുടർന്ന് ജില്ലയിൽ പകർച്ചവ്യാധികൾ വ്യാപിക്കാതിരിക്കാൻ സർക്കാർ വകുപ്പുകൾ ആരോഗ്യവകുപ്പുമായി ചേർന്ന് പ്രവർത്തിക്കണമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർദ്ദേശിച്ചു. കാലവർഷമുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. ഓരോ ജീവനും വിലപ്പെട്ടതാണെന്നും വകുപ്പുകൾ അവരവരുടെ ചുമതലകൾ കൃത്യമായി നിർവഹിച്ചാൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നതും അതുമൂലമുള്ള പ്രശ്‌നങ്ങളും മരണങ്ങളും ഒഴിവാക്കാനാകുമെന്നും കളക്ടർ പറഞ്ഞു.  
മഴ കനക്കുന്നതോടെ ഉണ്ടാവാനിടയുള്ള ഡെങ്കിപ്പനി, മഞ്ഞപ്പിത്തം. വയറിളക്ക രോഗങ്ങൾ, എലിപ്പനി എന്നിവ പ്രതിരോധിക്കാനുള്ള കർമ്മപരിപാടിയായ പ്രഥമം പ്രതിരോധത്തിന്റെ വിശദാംശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അവതരിപ്പിച്ചു.
മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ പ്രതിരോധിക്കുന്നതിന് മേയ് 27, 28 തീയതികളിൽ പൊതു-സ്വകാര്യ കിണറുകൾ ഉൾപ്പെടെ എല്ലാ കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്യും. സ്വകാര്യ കിണറുകൾ വീട്ടുകാരുടെ കൂടി സഹകരണത്തോടെയായിരിക്കും ക്ലോറിനേറ്റ് ചെയ്യുക.
കുടിവെള്ളം ബ്ലീച്ചിങ് പൗഡർ, ക്ലോറിൻ ഗുളിക എന്നിവ ഉപയോഗിച്ച് ശാസ്ത്രീയമായ അണുനശീകരണം നടത്തുന്നത് സംബന്ധിച്ച് ആശ പ്രർത്തകരുടെ സഹകരണത്തോടെ കുടുംബശ്രീ യൂണിറ്റുകളിലെ എല്ലാ അംഗങ്ങൾക്കും പരിശീലനം നൽകും. പൊതുകിണറുകൾ അണുനശീകരണം നടത്താൻ കുടുംബശ്രീ യൂണിറ്റുകൾ ആരോഗ്യ പ്രവർത്തകർക്കും ആശാപ്രവർത്തകർക്കും വേണ്ട സഹായം നൽകണം.  

  • മലിനജലസമ്പർക്കമുള്ള ജോലിക്കാർക്ക് എലിപ്പനി പ്രതിരോധ മരുന്ന്

ജൂൺ ഒന്ന്, മൂന്ന്, നാല് തീയതികളിൽ കർഷകത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ക്ഷീര കർഷകർ, മീൻ പിടിക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി മലിനജലസമ്പർക്കം പുലർത്തുന്നരുടെ വീട്ടിലെത്തി ഒരു മാസം കഴിക്കേണ്ട എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ വിതരണം നടത്തും. ആശ പ്രവർത്തകരായിരിക്കും ഗുളിക വിതരണം നടത്തുക.    തൊഴിലുറപ്പു തൊഴിലാളികൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ ഗുളിക കഴിച്ചുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണം. ഇതു സംബന്ധിച്ച് ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ ബോധവത്കരണം നടത്തും.

ഡെങ്കിപ്പനി പ്രതിരോധത്തിനായി സ്‌കൂൾ, വീട്, സ്ഥാപനങ്ങൾ, കൈതച്ചക്ക, റബ്ബർ തോട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൊതുക് ഉറവിടനിർമ്മാർജ്ജനം നടത്തും.

മെയ് 29, ജൂൺ അഞ്ച്,12,19 തീയതികളിൽ സ്‌കൂളുകളിൽ ഉറവിട നിർമ്മാർജ്ജനം നടത്തും. വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുന്നതിന്റെ പ്രാധാന്യം, ഒ.ആർ.എസ് ലായിനി തയാറാക്കുന്ന വിധം എന്നിവ  സംബന്ധിച്ച്  ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും.  

മെയ് 30, ജൂൺ ആറ്,13,20 തീയതികളിൽ ഓഫീസുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് കൊതുക് ഉറവിട നിർമ്മാർജ്ജനം നടത്തും.

മെയ് 31, ജൂൺ ഏഴ്,14,21  തീയതികളിൽ വീടുകളിൽ കുടുംബശ്രീ ആരോഗ്യ വോളന്റിയർമാരുടെ സേവനം കൂടി ഉറപ്പാക്കി ആശ, അങ്കണവാടി, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഉറവിട നിർമ്മാർജനം നടത്തും.

കുഞ്ഞുങ്ങൾക്ക് വയറിളക്കമുണ്ടായാൽ ഒ.ആർ.എസ്. ചികിത്സ ഉറപ്പുവരുത്തുന്നതിനായി അഞ്ചു വയസുവരെയുള്ള കുട്ടികൾ ഉള്ള എല്ലാ വീടുകളിലും ഒ.ആർ.എസ്. പാക്കറ്റുകൾ, സിങ്ക് ഗുളികകൾ എന്നിവ എത്തിച്ചു നൽകും. എല്ലാ അങ്കണവാടികളിലും കരുതൽ ഒ.ആർ.എസ്. പാക്കറ്റുകൾ സൂക്ഷിക്കും.

  • ചലഞ്ച് ഏറ്റെടുക്കാം; ജില്ലാതല പുരസ്‌കാരം നേടാം

കിണർ ക്ലോറിനേഷൻ, കൊതുക് ഉറവിട നിർമാർജ്ജനം, ശുചീകരണം എന്നിവ നടത്തുന്ന പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ കോട്ടയം ചലഞ്ച് (Kottayam Challenge) എന്ന മൊബൈൽ ആപ്ലിക്കേഷനിൽ അവയുടെ ഫോട്ടോ അതതു ദിവസം അപ് ലോഡ് ചെയ്യണം. ഗൂഗിൾ പ്ലേ സ്‌റ്റോറിൽനിന്ന് ആപ്ലിക്കേഷൻ മേയ് 27 മുതൽ ഡൗൺലോഡ് ചെയ്യാം. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജില്ലാതലത്തിൽ അവാർഡ് നൽകും.  
എല്ലാ സ്ഥാപന മേധാവികളും സ്‌കൂൾ അധികാരികളും അധ്യാപകരും ആശ, അങ്കണവാടി പ്രവർത്തകരും കുടുംബശ്രീ ഭാരവാഹികളും കോട്ടയം ചലഞ്ച് ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് അവർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഫോട്ടോ അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

 

date