Skip to main content

ട്രോളിങ് നിരോധനം : ജില്ലയിൽ തയാറെടുപ്പുകൾ പൂർത്തിയാകുന്നു

ജൂൺ ഒൻപത് മുതൽ ജൂലൈ 31 വരെ,  52 ദിവസം നീണ്ട് നിൽക്കുന്ന ഈ വർഷത്തെ ട്രോളിങ് നിരോധന കാലയളവിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രധാന്യമെന്നും സുരക്ഷ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ യോഗങ്ങൾ ചേരുമെന്നും, നിർദേശങ്ങൾ പാലിക്കുന്നതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫിഷറീസ് വകുപ്പ്, ഹാർബർ എഞ്ചിനീയറിങ്,മറൈൻ എൻഫോഴ്‌സ്‌മെന്റ്, പോലീസ് വകുപ്പുകളുടെ ഏകോപനത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കുന്നത്. ട്രോളിങ് കാലയളവിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മാസ്റ്റർ കൺട്രോൾ റൂം ഫിഷറീസ് ഡയറക്ടറിൽ പ്രവർത്തിക്കും. കൂടാതെ 18 സീ റസ്‌ക്യൂ ഗാർഡുകൾ, മുതലപ്പൊഴിയിൽ മൂന്ന് ഷിഫ്റ്റുകളിലായി ജീവൻ രക്ഷാ സ്‌ക്വാഡുകൾ എന്നിവയും സജ്ജമാക്കും. കടൽ പട്രോളിങ്ങിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി വിഴിഞ്ഞം ഹാർബർ കേന്ദ്രീകരിച്ച് ഒരു മറ്റൈൻ ആംബുലൻസും മുതലപ്പൊഴി ഹാർബർ കേന്ദ്രീകരിച്ച് ഒരു ബോട്ടും നിലവിലുണ്ട്. ഇതിന് പുറമേ ട്രോൾ നിരോധന കാലയളവിൽ പ്രവർത്തിക്കുന്നതിനായി വിഴിഞ്ഞത്ത് ഒരു ചെറുവള്ളം, ബോട്ട് , മുതലപ്പൊഴിയിൽ രണ്ട് ചെറുവള്ളം, ബോട്ട് എന്നിവയ്ക്കായുള്ള ടെൻഡർ നടപടികളും പുരോഗമിക്കുന്നു. കാലാവസ്ഥാ മുന്നറിയിപ്പ് ബോർഡുകൾക്ക് പുറമേ ഈ വർഷം തീരദേശത്തെ ആരാധാനാലയങ്ങളിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വാട്‌സ്ആപ് ഗ്രൂപ്പുകൾ ആരംഭിക്കുമെന്നും 24 മണിക്കൂറും ഗ്രൂപ്പ്  നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കുമെന്നും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു.

തീരസുരക്ഷയുടെ ഭാഗമായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് വെരിഫിക്കേഷൻ ഉണ്ടായിരിക്കും. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ യാന ഉടമകൾ ഉറപ്പാക്കണം. ഇതര സംസ്ഥാനതൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി ഫിഷറീസ് വകുപ്പിനെയോ കോസ്റ്റൽ പോലീസിനെയോ അറിയിക്കണം. യാനങ്ങളുടെ രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഹാർബറുകൾ കേന്ദ്രീകരിച്ച് അംഗീകൃത വലകളുടെ പരിശോധനയും ഉണ്ടായിരിക്കും.

മത്സ്യത്തൊഴിലാളികൾക്ക് ഏത് അടിയന്തര സഹാചര്യത്തിലും കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന 1077 എന്ന നമ്പരിൽ ജില്ലാ അടിയന്തരകാര്യ നിർവഹണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. 0471 2480335, 2481118 എന്നിവയാണ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പരുകൾ. അടിയന്തരസാഹചര്യങ്ങളിൽ 9496007035 (അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ്), 9496007026 ( ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ്), 9496007023 (ജോയിന്റ് ഡയറക്ടർ,ഫിഷറീസ്), 7907921586 (മറൈൻ എൻഫോഴ്‌സ്‌മെന്റ്) എന്നീ നമ്പരുകളിലും ബന്ധപ്പെടാം.  

 
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി.സി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി, ഹാർബർ എഞ്ചിനീയറിങ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, പോലീസ്, സിവിൽ സപ്ലൈസ്, വാട്ടർ അതോറിറ്റി തുടങ്ങി വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

date