Skip to main content

ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് വരെ ജില്ലയിലെ ബാങ്കുകള്‍ 19,440.20 കോടി രൂപ വായ്പ നല്‍കി --------

ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ജില്ലയിലെ ബാങ്കുകള്‍ 19,440.20 കോടി രൂപ വായ്പയായി നല്‍കി. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തെ സംസ്ഥാന കയര്‍ മെഷീനറി മാനുഫാക്ച്ചറിംഗ് കമ്പനിയില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സാമ്പത്തിക വര്‍ഷം 12,500 കോടി രൂപയാണ് ജില്ലയില്‍ വായ്പയായി നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഏപ്രില്‍ - മാര്‍ച്ച് 24 കാലയളവില്‍ 155.52 ശതമാനം കൈവരിക്കാന്‍ ജില്ലയ്ക്കായി. ബാങ്കുകളിലെ മൊത്തം നിക്ഷേപം 49,981 കോടി രൂപയും വായ്പ 28,803 കോടി രൂപയുമാണ്. 58 ശതമാനമാണ് സി.ഡി. റേഷ്യോ. മുന്‍ഗണനാ മേഖലകള്‍ക്ക് (പ്രയോറിറ്റി സെക്ടര്‍) 12,417.41 കോടി രൂപയാണ് നല്‍കിയത്. വാര്‍ഷിക ബജറ്റിന്റെ 126 ശതമാനമാണിത്. വിദ്യാഭ്യാസ വായ്പയായി 3831 അക്കൗണ്ടുകളിലൂടെ 267.72 കോടി രൂപ നല്‍കി. ഭവന വായ്പയായി 11,827 പേര്‍ക്ക് 1,138.61 കോടി രൂപയും, മുദ്ര (പി.എം.എം.വൈ) ലോണായി 1,26,827 പേര്‍ക്ക് 1041.97 കോടി രൂപയും വായ്പയായി നല്‍കി. കാര്‍ഷിക മേഖലയില്‍ 8632.11 കോടി രൂപ നല്‍കിക്കൊണ്ട് 131 ശതമാനം ലക്ഷ്യം കൈവരിച്ചു. മുന്‍ഗണനേതര മേഖലകള്‍ക്ക് (നൊണ്‍-പ്രയോറിറ്റി സെക്ടര്‍) 7022.8 കോടി രൂപയാണ് നല്‍കിയത്. വാര്‍ഷിക ബജറ്റിന്റെ 263 ശതമാനമാണിത്.

അവലോകന യോഗത്തില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് അധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ്‌കുമാര്‍, ആര്‍.ബി.ഐ. (എല്‍.ഡി.ഒ.) മാനേജര്‍ ശ്യാം സുന്ദര്‍, ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍, നബാര്‍ഡ് ഡി.ഡി.എം. ടി.കെ. പ്രേംകുമാര്‍, സ്‌റ്റേറ്റ് ബാങ്ക് എ.ജി.എം. ആര്‍. ആദര്‍ശ്, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ ലളിതാംബിക, സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date