Skip to main content

അരങ്ങ് 2024; കലോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടത്തിയ കുടുംബശ്രീ ദ്വിദിന കലോത്സവം സമാപിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ക്ലസ്റ്റര്‍തല കലോത്സവത്തില്‍ പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍, വേളൂക്കര, ഇരിങ്ങാലക്കുട-1, കാറളം കാട്ടൂര്‍, മുരിയാട്, പറപ്പൂക്കര, ഇരിങ്ങാലക്കുട- 2 എന്നീ കുടുംബശ്രീ സിഡിഎസുകള്‍ കലോത്സവത്തില്‍ പങ്കെടുത്തു.

സ്റ്റേജിതര മത്സര ഇനങ്ങളായ പെന്‍സില്‍ ഡ്രോയിങ്, കവിതാരചന, കഥാരചന, ജലച്ചായം, കാര്‍ട്ടൂണ്‍ കൊളാഷ്, ചിത്രരചന തുടങ്ങിയവ ഇരിഞ്ഞാലക്കുട മിനി ടൗണ്‍ ഹാളിലും സ്റ്റേജിനങ്ങളായ ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാ പാരായണം, പ്രസംഗം കഥാപ്രസംഗം, സംഘഗാനം, നാടന്‍പാട്ട് എന്നിവ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും നടത്തി. മൂന്നൂറോളം വരുന്ന അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി, സംഘം നൃത്തം, നാടോടി നൃത്തം, മൈം, സ്‌കിറ്റ്, മിമിക്രി, ഫാന്‍സി ഡ്രസ്സ്, വയലിന്‍ ഫ്യൂഷന്‍ എന്നീ കലാപരിപാടികളും അരങ്ങേറി. ബ്ലോക്ക് ക്ലസ്റ്റര്‍തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത നേടി.

കലാ മത്സരത്തില്‍ 96 പോയിന്റുമായി ഇരിങ്ങാലക്കുട സിഡിഎസ്-2 ഒന്നാം സ്ഥാനം നേടി. 74 പോയിന്റുമായി കാട്ടൂര്‍ സിഡിഎസ് രണ്ടാം സ്ഥാനവും, 57 പോയിന്റുമായി കാറളം സിഡിഎസ് മൂന്നാം സ്ഥാനവും നേടി. കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ കുടുംബശ്രീ സിഡിഎസ്-1 ചെയര്‍പേഴ്‌സണ്‍ പുഷ്പവതി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എ. കവിത ഓവറോള്‍ ട്രോഫി നല്‍കി. മറ്റ് സമ്മാനങ്ങള്‍ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ സെക്രട്ടറി എം. ഷാജിക് വിതരണം ചെയ്തു.

തൃശൂര്‍ ക്ലസ്റ്റര്‍തല അരങ്ങ് കലാമേളയില്‍ നടത്തറ സി.ഡി.എസിന് ഓവറോള്‍ കിരീടം

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ കലാമേളയായ 'അരങ്ങ് 2024' ന്റെ പുഴയ്ക്കല്‍, ഒല്ലൂക്കര, ചേര്‍പ്പ്  ക്ലസ്റ്റര്‍തല കലോത്സവത്തിന് സമാപനമായി. 75 പോയിന്റുകളോടെ നടത്തറ സി.ഡി.എസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ് ട്രോഫി കരസ്ഥമാക്കി. 70 പോയിന്റ് നേടി അടാട്ട് സി.ഡി.എസ് രണ്ടാംസ്ഥാനം നേടി.

സമാപന സമ്മേളനത്തില്‍ ജില്ലാ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എ.സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സി.ഡി.എസ്സ് -1 ചെയര്‍പേഴ്‌സന്‍ സത്യഭാമ, കൈപ്പറമ്പ് ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രകാശ്, പാറളം ചെയര്‍പേഴ്‌സണ്‍ രജനി ഹരിഹരന്‍, മാടക്കത്തറ ചെയര്‍പേഴ്‌സണ്‍ സതി അജയന്‍, നടത്തറ ചെയര്‍പേഴ്‌സണ്‍ ജീജ എന്നിവര്‍ സംസാരിച്ചു. ഒല്ലൂക്കര, പുഴയ്ക്കല്‍, ചേര്‍പ്പ് ബ്ലോക്കിലെ സി.ഡി.എസ് ചെയര്‍പേഴ്‌സന്മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.യു.എല്‍.എം മാനേജര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് അക്കൗണ്ടന്റ്‌റുമാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, വിവിധ സി.ആര്‍.പിമാര്‍, എം.ഇ.സിമാര്‍ അയല്‍ക്കൂട്ട - ഓക്‌സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date