Skip to main content

ജില്ലാ കളക്ടറുടെ സ്‌നേഹ വിരുന്ന്: സിനിമ കാണാനെത്തി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ പൂജപ്പുര സർക്കാർ ചിൽഡ്രൻസ് ഹോമിലെയും മഹിളാ മന്ദിരത്തിലെയും അന്തേവാസികൾക്ക്  ജില്ലാ ഭരണകൂടത്തിന്റെ സ്‌നേഹ സമ്മാനം. തിയേറ്ററിലെത്തി സിനിമ കാണാനുള്ള കുട്ടികളും മുതിർന്നവരുമായ അന്തേവാസികളുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഗുരുവായൂരമ്പല നടയിൽ എന്ന സിനിമ കാണാനുള്ള അവസരമാണ് ചിൽഡ്രൻസ് ഹോമിലെയും മഹിളാ മന്ദിരത്തിലെയും അന്തേവാസികൾക്ക് ജില്ലാ ഭരണകൂടമൊരുക്കിയത്. കൈരളി തിയേറ്ററിൽ വൈകിട്ട് ആറ് മണിക്കായിരുന്നു സിനിമ പ്രദർശനം. അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹനും അന്തേവാസികൾക്കൊപ്പം സിനിമ കാണാനെത്തി. ചിൽഡ്രൻസ് ഹോമിലെ 23 കുട്ടികളും മഹിളാ മന്ദിരത്തിലെ 19 അന്തേവാസികളും ജീവനക്കാരും ഉൾപ്പെടെ 57 പേർക്കാണ് സൗജന്യ പ്രദർശനം ഒരുക്കിയത്. ടിക്കറ്റും ലഘുഭക്ഷണവും ഉൾപ്പെടെ മുഴുവൻ ചെലവും ജില്ലാ ഭരണകൂടമാണ് വഹിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിന്റെ ബസിലായിരുന്നു ഇവരുടെ യാത്ര.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ഷാനിബാ ബീഗം, ജില്ലാ വനിതാ ശിശു വികസന ഓഫീസർ കവിതാ റാണി, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബിനു റോയി എൻ. കെ എന്നിവരും അന്തേവാസികൾക്കൊപ്പം ഉണ്ടായിരുന്നു.

date