Skip to main content

വെള്ളക്കെട്ട്: ഇടപ്പള്ളി തോട്ടിലെ പായലും ചെളിയും  അടിയന്തരമായി നീക്കംചെയ്യും: മന്ത്രി പി.രാജീവ്

 

അതിശക്ത മഴയില്‍ കഴിഞ്ഞദിവസം ഉണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ഇടപ്പള്ളി തോട്ടിലെ പായലും ചെളിയും അടിയന്തരമായി നീക്കം ചെയ്യുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അസാധാരണ മഴയിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു നടപടി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ദുരന്തനിവാരണ നിയമ പ്രകാരം ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി
വൃത്തിയാക്കല്‍ നടപടികള്‍ അടിയന്തരമായി ആരംഭിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കും. വെള്ളിയാഴ്ച്ച(മേയ് 31) വൃത്തിയാക്കല്‍ ആരംഭിക്കും. തോട്ടിലെ പായലും അടിഞ്ഞു കിടക്കുന്ന ചെളികളും ഒരുപരിധിവരെ നീക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇടപ്പള്ളി ടോള്‍ ഭാഗത്ത് റോഡില്‍ പലഭാഗങ്ങളിലും കാനകളില്ല. ഉള്ള കാനകള്‍ക്കു വീതിയും കുറവാണ്. ഈ ഭാഗത്തെ കാനകളും അടിയന്തമായി വൃത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി. കാനകള്‍ വീതികൂട്ടുന്നതിനു നിലവില്‍ ഒരു പദ്ധതി ഉണ്ട്. അത് തുടര്‍ന്ന് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 

മങ്കുഴി റോഡ് അവസാനിക്കുന്ന ഇടപ്പള്ളി തോട്, ഇടപ്പള്ളി ടോള്‍ ഭാഗത്തെ വിവിധ പ്രദേശങ്ങള്‍, കളമശേരി മൂലേപ്പാടം എന്നീ പ്രദേശങ്ങള്‍ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

അസാധാരണ മഴയാണു കഴിഞ്ഞദിവസം കളമശ്ശേരിയില്‍ ഉണ്ടായത്.157 മില്ലി മീറ്റര്‍ മഴയാണ് ഒന്നര മണിക്കൂര്‍ കൊണ്ട് പെയ്തത്. ഇതുപോലെ കുറഞ്ഞ സമയത്തു വലിയതോതില്‍ മഴപെയ്താല്‍ താഴ്ന്ന പ്രദേശങ്ങള്‍ വേഗത്തില്‍ വെള്ളക്കെട്ടിലാകും. കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ദീര്‍ഘവീക്ഷണത്തോടെ ഇത്തരം വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കണ്ടെത്തും. ബോധപൂര്‍വമായ വീഴ്ച്ച ആരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ഭാഗത്തുനിന്നും ആവശ്യമായ പിന്തുണ ഉണ്ടാകണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു.  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മഴക്കാലപൂര്‍വ ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും മന്ത്രി പറഞ്ഞു. 

കളമശേരി മൂലേപാടം, കാര്‍ഷിക നഗര്‍, വിദ്യാനഗര്‍, സുന്ദരഗിരി, പൊറ്റച്ചാല്‍, തങ്കപ്പന്‍ റോഡ് എന്നീ ഭാഗങ്ങളില്‍ വെള്ളംകയറിയിരുന്നു. മൂലേപ്പാടം വര്‍ഷങ്ങളായി വെള്ളക്കെട്ട് ഉള്ള പ്രദേശമാണ്. ദേശീയപാതയുടെ നിര്‍മ്മാണത്തിനു ശേഷം ഇവിടെ വെള്ളം കയറുന്നതു ശക്തിപ്പെട്ടു. ശാശ്വത പരിഹാരത്തിനു ശ്രമം നേരത്തെ തന്നെ ആരംഭിച്ചതാണ്. ഇതിന്റെ ഭാഗമായി ഇവിടത്തെ കൈയേറ്റം പൂര്‍ണ്ണമായി ഒഴിപ്പിക്കുന്നതിനും നടപടി ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് ഒരു കലുങ്ക് നിര്‍മ്മിച്ചു. അവിടെ നിന്നും വെള്ളം ഒഴുകിയെത്തുന്ന ഭാഗത്ത് ദേശീയപാത അതോറി ഒരു കലുങ്ക് നിര്‍മ്മിക്കാനും ധാരണയായിരുന്നു. മൂന്നു തവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ടെന്‍ഡര്‍ ആരും എടുത്തിട്ടില്ല. റെയില്‍വേയുടെ ഭാഗത്തും ഒരു കലുങ്ക് നിര്‍മ്മിക്കേണ്ടതുണ്ട്. ജൂണ്‍ 17 ന് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാകും. കൂടാതെ പ്രദേശത്ത് നിലവിലുള്ള കലുങ്ക് വലുതാക്കി നിര്‍മ്മിച്ചാല്‍ മാത്രമേ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തി വെള്ളക്കെട്ടിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. 

പൊറ്റച്ചാല്‍ പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ശാശ്വത പരിഹാരത്തിന് 14.5 കോടി രൂപയുടെ പദ്ധതി റി ബില്‍ഡ് കേരളയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാകുന്നതോടെ ഇവിടത്തെ വെള്ളക്കെട്ടിനും പരിഹാരമാകും. മെട്രോ റെയിലിന്റെ സൗന്ദര്യവത്ക്കരണം ഒഴുക്കിനു തടസം ഉണ്ടെങ്കില്‍ അതിനു പരിഹാരം കാണാന്‍ നിര്‍ദേശിച്ചു. മെട്രോ, ദേശീയപാത അതോറിട്ടി, നഗരസഭ അധികൃതര്‍ അവരവരുടെ പരിധിയിലെ കാനകള്‍ വൃത്തിയാക്കാനും നിര്‍ദേശിച്ചു. ദേശീയ പാത നിര്‍മ്മാണം വെള്ളക്കെട്ട് ഒഴിവാക്കുന്ന തരത്തില്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. 

വെള്ളത്തിന്റെ ഒഴുക്കിനു തടസമാകുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനു ജനങ്ങളുടെ ഭാഗത്തുനിന്നും പിന്തുണ ആവശ്യമാണ്. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന കാര്യത്തില്‍ ജനങ്ങളുടെ മനോഭാവത്തിലും മാറ്റം ഉണ്ടാകണം. കളമശേരിയില്‍ വലിയ മതില്‍ക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്നു പുറത്തുവന്നത് 10 ലോഡ് മാലിന്യകിറ്റുകളാണെന്ന് മന്ത്രി പറഞ്ഞു. ഇത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. 

കളമശേരി നഗരസഭ അധ്യക്ഷ സീമാ കണ്ണന്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ വി. ഇ അബ്ബാസ്, നഗരസഭാ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ദേശീയപാത അതോറിട്ടി, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ്, റെയില്‍വേ, കൊച്ചി മെട്രോ റെയില്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

date