Skip to main content

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം: സ്വഭാവ മാറ്റം പഠിക്കാനുള്ള സർവേ പൂർത്തിയായി

 

പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതുമായി ബസപ്പെട്ട സ്വഭാവ മാറ്റം (ബിഹേവിയറൽ ചേഞ്ച് ) പഠിക്കുന്നതിനായുള്ള സർവ്വേ പൂർത്തിയായി. സർവ്വേയുടെ ഭാഗമായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിൽ നിന്നും ആദ്യ പ്രതികരണം എടുത്തു. ജില്ലാ  ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ  ജില്ലാ എക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പിന്റെ  സഹായത്തോടെയാണ് സർവേ നടത്തിയത്. 

വിവിധ വിഭാഗം ആളുകൾക്കിടയിൽ മെയ്  28, 29 തീയതികളിൽ നടന്ന സർവ്വേയിൽ ഓരോ സ്ഥലങ്ങളിൽ നിന്നും 200 സാമ്പിളുകൾ വീതം ആകെ
2000 സാമ്പിളുകളാണ് ശേഖരിച്ചത്. സർവ്വേയ്ക്ക് മികച്ച  പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്. മാലിന്യ സംസ്കരണ പ്രശ്നങ്ങളെക്കുറിച്ച് സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചു. പൊതു ഇടങ്ങളിലെയും പൊതു ഗതാഗത മാർഗങ്ങളിലെയും മാലിന്യ സംസ്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും പൊതുജനങ്ങളിൽ നിന്ന് ലഭിച്ചു. 

കൊച്ചി മെട്രോ,ലുലു മാൾ, സെൻട്രൽ സ്‌ക്വയർ മാൾ, ഒബ്രോൺ മാൾ, ഫോറം മാൾ, വൈറ്റില ഹബ്ബ്, കുസാറ്റ്. സിവിൽ സ്റ്റേഷൻ, മറൈൻ ഡ്രൈവ്, ഹിൽ പാലസ് എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ പ്രതികരണങ്ങൾ സമാഹരിച്ചു. ജില്ലയിലെ ശുചിത്വ മിഷൻ റിസോഴ്സസ് പേഴ്സൺമാരും യങ് പ്രൊഫഷണലുകളും  എക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിലെ ഇന്റേൺ  വിദ്യാർത്ഥികളുമാണ് സമയബന്ധിതമായി സർവ്വേ പൂർത്തീകരിക്കുന്നതിന് പ്രധാന പങ്കു വഹിച്ചത്. 

ജില്ലാ എക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പിന്റെ  റിസർച്ച് ഓഫീസർ കെ.എ. ഇന്ദു സർവ്വേയ്ക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകി. എക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്‌സും ജില്ലാ ശുചിത്വ മിഷനും    ചേർന്ന് ശില്പശാല സംഘടിപ്പിച്ച് സാമ്പിളുകൾ വിശകലനം ചെയ്ത്  പഠന റിപ്പോർട്ട് തയ്യാറാക്കും.  ജില്ലയിൽ നടത്താനിരിക്കുന്ന വിവര വിജ്ഞാന പ്രവർത്തനങ്ങൾക്ക് പഠനം സഹായകരമാകും.

date