Skip to main content

വെള്ളിത്തിളക്കത്തില്‍ കേരളം

ന്യൂഡല്‍ഹി : പ്രഗതിമൈതാനിയില്‍ നടന്ന 37-ാമതു ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ വെള്ളിത്തിളക്കവുമായി കേരളം. സംസ്ഥാന സര്‍ക്കാരുകളുടെ പവിലിയന്‍ വിഭാഗത്തില്‍ മികച്ച രണ്ടാമത്തെ പവിലിയനുള്ള വെള്ളി മെഡല്‍ കേരളത്തിനു ലഭിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സി.ആര്‍. ചൗധരിയില്‍നിന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി. അസമിനാണു മികച്ച പവിലിയനുള്ള സ്വര്‍ണ മെഡല്‍.

സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ - സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ എന്ന ആശയത്തില്‍ നടത്തിയ മേളയില്‍ 'സ്റ്റാര്‍ട്ട്അപ്പ് കേരള' എന്ന ആശയത്തിലാണു കേരള പവിലിയന്‍ രൂപകല്‍പ്പന ചെയ്തത്. ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ വിജയവഴിയിലെ പുത്തന്‍ അധ്യായമാണ് ഇത്തവണത്തെ വെള്ളി നേട്ടം. ഇതുവരെ എട്ടു തവണ സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും കേരളത്തിനു ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ചയുടെ നേര്‍ചിത്രമായിരുന്നു കേരള പവിലിയന്‍. വൈവിധ്യംകൊണ്ടും ആശയ സമ്പത്തുകൊണ്ടും ഒന്നിനൊന്നു മികച്ചവയായിരുന്നു എല്ലാ സ്റ്റാളും. കേരളത്തിന്റെ തനതു വിഭവങ്ങളുമായെത്തിയ വാണിജ്യ സ്റ്റാളുകളും വ്യാപാര മേളയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, വ്യവസായ വകുപ്പ്, കേരള പൊലീസ്, പഞ്ചായത്ത് വകുപ്പ്, ടെക്‌നോപാര്‍ക്ക്, ഹാന്‍ഡ്‌ലൂം ഡയറക്ടറേറ്റ്, കുടുംബശ്രീ, ടൂറിസം വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവരാണു തീം സ്റ്റാളുകള്‍ അവതരിപ്പിച്ചത്. 

ഫിഷറീസ് സാഫ്, ഹാന്റെക്‌സ്, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കേരള സ്‌റ്റേറ്റ് ബാംബൂ മിഷന്‍, ഫോറസ്റ്റ് ആന്‍ഡ് വനശ്രീ, മാര്‍ക്കറ്റ്‌ഫെഡ്, കൈരളി, പട്ടികവര്‍ഗ വികസന വകുപ്പ്, പഞ്ചായത്ത് വകുപ്പ് എന്നിവരുടെ വാണിജ്യ സ്റ്റാളുകള്‍ മേളയ്‌ക്കെത്തിയവരുടെ മുഖ്യ ആകര്‍ഷണമായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കേരള പവിലിയന്‍ രൂപകല്‍പ്പന ചെയ്തതു പ്രമുഖ ശില്‍പ്പി ജിനനാണ്.

പി.എന്‍.എക്‌സ്.5054/17

date