Skip to main content

കേരള പവിലിയനിലെ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം  പൊലീസിനും കുടുംബശ്രീയ്ക്കും

ന്യൂഡല്‍ഹി : കേരള പവിലിയനിലെ മികച്ച തീം സ്റ്റാളിനുള്ള പുരസ്‌കാരം കേരള പൊലീസിന്. വാണിജ്യ വിഭാഗത്തില്‍ കുടുംബശ്രീ ഒന്നാം സ്ഥാനം നേടി. കൊച്ചി കിന്‍ഫ്ര ഹൈ-ടെക് പാര്‍ക്കിലെ അഗ്രിമ ഇന്‍ഫോടെക്കിനെ മികച്ച സ്റ്റാര്‍ട്ട്അപ്പായി തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. വിനോദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ - സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ എന്ന ആശയത്തില്‍ മികച്ച സ്റ്റാള്‍ ഒരുക്കിയതിനാണു കേരള പൊലീസിനു പുരസ്‌കാരം ലഭിച്ചത്. വ്യവസായ വകുപ്പിനാണ് മികച്ച തീം എക്‌സിബിറ്റര്‍ക്കുള്ള രണ്ടാമത്തെ പുരസ്‌കാരം. 

ആറു ലക്ഷത്തിലധികം വിഭവങ്ങളുടെ പാചകരീതികളുമായി രുചിയുടെ കലവറയൊരുക്കുന്ന റെസിപ്പി ബുക്ക് എന്ന ആപ്പ് അവതരിപ്പിച്ചതിനാണ് അരുണിമ ഇന്‍ഫോടെക്കിനെ മികച്ച സ്റ്റാര്‍ട്ട്അപ്പായി തെരഞ്ഞെടുത്തത്. ഹൃദയാരോഗ്യ സംരക്ഷണ രംഗത്ത് വഴിത്തിരിവായേക്കാവുന്ന ബയോകാല്‍ക്കുലസ് എന്ന ഉപകരണം പരിചയപ്പെടുത്തിയ കൊല്ലത്തെ വാഫര്‍ചിപ്‌സ്, തിരക്കേറിയ റോഡുകളില്‍ ആംബുലന്‍സിന്റെ യാത്ര തടസപ്പെടാതിരിക്കാനുള്ള സിഗ്നലിങ് സംവിധാനം അവതരിപ്പിച്ച കാക്കനാട് രാജഗിരിവാലിയിലെ ട്രാഫിറ്റൈസര്‍ എന്നിവയ്ക്കാണു മികച്ച സ്റ്റാര്‍ട്ട്അപ്പിനുള്ള രണ്ടാമത്തെ പുരസ്‌കാരം. വ്യാണിജ്യ വിഭാഗത്തില്‍ മികച്ച സ്റ്റാളിനുള്ള രണ്ടാമത്തെ പുരസ്‌കാരം ഫിഷറീസ് സാഫ്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവര്‍ പങ്കിട്ടു. 

കൂട്ടായ്മയുടെ വിജയമാണ് ഇത്തവണത്തെ വ്യാപാരമേളയില്‍ കേരളത്തിനു മികച്ച നേട്ടമുണ്ടാക്കിയതെന്നു പുരസ്‌കാരദാന ചടങ്ങില്‍ അഡീഷണല്‍ ഡയറക്ടര്‍ പി. വിനോദ് പറഞ്ഞു. ഒരു കുടുംബമായി പ്രയത്‌നിച്ചതിന്റെ നേട്ടമാണിത്. വരും വര്‍ഷങ്ങളിലും ഇതേ കൂട്ടായ്മയും പരിശ്രമവും വഴി വിജയപഥങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പവിലിയന്‍ രൂപകല്‍പ്പന ചെയ്ത സി.ബി. ജിനന്‍, കേരള പവിലിയനില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതിനു ഗൗരവ് മഖീജ എന്നിവര്‍ക്കു ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി. 

പവിലിയന്‍ നോഡല്‍ ഓഫിസറും ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ എ.എസ്. സന്തോഷ് കുമാര്‍, ന്യൂഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി. വേണുഗോപാല്‍, കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എ. ഷൈന്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.5055/17

date