Skip to main content

ലക്ഷ്യബോധമുള്ള യുവതലമുറയെ വളര്‍ത്തിയെടുക്കലാണ് സ്വാമി വിവേകാനന്ദനുള്ള യഥാര്‍ത്ഥ ആദരം : മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന യുവ തലമുറയെ വളര്‍ത്തിയെടുക്കലാണ് സ്വാമി വിവേകാനന്ദന് ആദരം അര്‍പ്പിക്കാനുള്ള ഉചിത മാര്‍ഗ്ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  
    ജീവിച്ച കാലത്തെ സത്പ്രവൃത്തി കൊണ്ടും ആശയം കൊണ്ടും മഹത് വ്യക്തികള്‍ ജനകോടികളുടെ മനസില്‍ മരണശേഷവും ദീര്‍ഘകാലം ജീവിക്കും എന്നതിന് തെളിവാണ് സ്വാമി വിവേകാനന്ദന്റെ ജീവിതം.  അദ്ദേഹത്തെപ്പോലുള്ളവരെ അനുസ്മരിക്കുമ്പോള്‍ ആ ഓര്‍മ്മകൊണ്ട് നാം സമൂഹത്തെ നവീകരിക്കുകയാണ്.  അതോടൊപ്പം നമ്മുടെ സമൂഹത്തെ കൂടുതല്‍ പുരോഗമനോന്മുഖമാക്കുകയാണ്.  ആ അര്‍ത്ഥത്തിലാണ് സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികം സംസ്ഥാന സര്‍ക്കാര്‍ ആഘോഷിക്കുന്നത്.          കേരളത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് വിവേകത്തിന്റേയും ആനന്ദത്തിന്റേയും വരവായിരുന്നു.  മനുഷ്യത്വമാണ് ഏറ്റവും വിലപ്പെട്ടത്.  മനുഷ്യന്‍ മനുഷ്യനെ നിരുപാധികം സ്‌നേഹിക്കുന്നിടത്താണ് ഏറ്റവും വലിയ ആനന്ദമെന്നും അദ്ദേഹം വിശ്വസിച്ചു.  സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിനുമുന്നില്‍ താഴ്ന്ന് പോയ ശിരസും പൗരോഹിത്യത്തിന്റെ ജീര്‍ണാധിപത്യത്തിന്‍ കീഴില്‍ തകര്‍ന്നു പോയ ആത്മാഭിമാനവുമായി ജനങ്ങള്‍ കഴിയുന്ന ഘട്ടത്തിലാണ് സ്വാമി വിവേകാനന്ദന്‍ ഉയര്‍ന്നുവന്നത്.  ഉയര്‍ന്നെഴുന്നേല്‍ക്കാനും ലക്ഷ്യം സാധിക്കാന്‍ ജാഗ്രതപാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.  ആലസ്യത്തിലാണ്ടു കിടന്ന ഒരു ജനതതിക്ക് അതിനേക്കാള്‍ വലിയ ഉജ്ജീവന ഔഷധം അന്ന് വേറെ ഉണ്ടായിരുന്നില്ല.
    ഇതുപോലെ തന്നെയാണ് കേരളം ഭ്രാന്താലയമാണ് എന്ന് സ്വാമി അന്ന് പറഞ്ഞത്.  കേരളം എന്നാണ് ഉദ്ദേശിച്ചതെങ്കിലും മലബാര്‍ എന്നാണ് സ്വാമി പറഞ്ഞത്.  ഇന്നായിരുന്നെങ്കില്‍ കേരളത്തെ ആക്ഷേപിച്ചു എന്ന് ആരോപിച്ച് ചിലരെങ്കിലും ഇറങ്ങിത്തിരിക്കുമായിരുന്നു. എന്നാല്‍ അത് ആക്ഷേപമായിരുന്നില്ല.  തിരുത്തലിനുള്ള ശക്തമായ ഇടപെടലാണ് എന്ന് അന്നത്തെ കേരളീയര്‍ക്ക് അറിയാമായിരുന്നു.  തിരുത്തേണ്ടത് എന്താണെന്നും അവര്‍ക്ക് അറിയാമായിരുന്നു.  തൊട്ടുകൂടായ്മയും അയിത്തവും കൊടികുത്തിവാണ നാടായിരുന്നു അക്കാലത്തെ കേരളം.  വലിയ ഒരു വിഭാഗം ജനങ്ങള്‍ക്ക് വഴിനടക്കാനോ ക്ഷേത്രത്തില്‍ കേറി ആരാധന നടത്താനോ ഭക്ഷണം പാത്രത്തില്‍ കഴിക്കാനോ  മനുഷ്യരായി ജീവിക്കാനോ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ കണ്ടാണ് സ്വാമി വിവേകാനന്ദന്‍ അങ്ങനെ പറഞ്ഞത്.  ആ തിരിച്ചറിവിലേക്ക് സ്വാമി വിവേകാനന്ദനെ നയിച്ചതിന് ഡോ: പല്‍പ്പുവിനോട് നാം നന്ദി പറയണം.  ബാംഗ്ലൂര്‍ മൈസൂര്‍ മദിരാശി വഴി രാമേശ്വരത്ത് യാത്ര അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്വാമിയെ കേരളം സന്ദര്‍ശിക്കണമെന്ന് പ്രേരിപ്പിച്ചത് ഡോ: പല്‍പ്പു ആണ്.  
    ദീര്‍ഘദര്‍ശനത്തോടെയാണ് സ്വാമി വിവേകാനന്ദന്‍ ഓരോ ദര്‍ശനവും നടത്തിയത്.  ശൂദ്രരുടെ ഭരണം വരുമെന്ന് അദ്ദേഹം പറഞ്ഞു.  തൊഴിലാളികളുടെ ഭരണമായിരുന്നു അദ്ദേഹത്തിന്റെ മനസില്‍.  എല്ലാവരെയും സഹോദരങ്ങളായി കാണാനുള്ള വിശാലമനസ്‌കതയാണ് സ്വാമിയുടെ പ്രസംഗത്തില്‍ തെളിഞ്ഞത്.  തൊഴിലാളികളെ പുച്ഛത്തോടെ കണ്ടിരുന്ന കാലത്ത് തൊഴിലാളികള്‍ സമരം ചെയ്യണം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  സ്ത്രീകളെ ആദരിക്കണമെന്ന് പഠിപ്പിച്ചു.   രാജ്യത്ത്  ഇന്ന് ചര്‍ച്ചാ വിഷയമായ പലവിഷയങ്ങളും സ്വാമി പണ്ടേ പരിഹരിച്ചതാണ്.  ഭ്രാന്താലയമെന്ന് സ്വാമി പറഞ്ഞ  കേരളത്തിലാണ് ഇന്ന് ദളിത് വിഭാഗക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുന്നത്.  മേല്‍ ജാതിക്കാരനെ അടിച്ചു ശരിപ്പെടുത്തുകയല്ല, കീഴ് ജാതിക്കാരെ കൈപിടിച്ച് ഉയര്‍ത്തുകയാണ് വേണ്ടത്.  ആ അര്‍ത്ഥത്തിലാണ് ദേവസ്വം സംവരണത്തെ കാണേണ്ടത്.  ദരിദ്രനായി എന്നതുകൊണ്ട് ഒരാള്‍ക്കും നീതി നിഷേധിക്കപ്പെടരുത് എന്നതാണ് സര്‍ക്കാരിന്റെ നയം.  മതത്തിന്റേയും ദേശീയതയുടെയും അതിരുകള്‍ക്ക് അപ്പുറത്തേക്ക് മനസ് വളരണമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതായി മുഖ്യമന്ത്രി അനുസ്മരിച്ചു.  
    കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ സ്വാഗതം പറഞ്ഞു.  അഡ്വ. എ. സമ്പത്ത് എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ, ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സ്വാമി മോക്ഷപ്രദാനന്ദ,  മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമിസ് കത്തോലിക്കാ ബാവ, പാളയം ഇമാം മൗലവി സുഹൈബ് വി.പി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ തുടങ്ങിയവര്‍ സംബന്ധിച്ചു.     
പി.എന്‍.എക്‌സ്.5056/17
 

date