Skip to main content

പുതിയ പോലീസ് സേനാംഗങ്ങള്‍ മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍

അടൂര്‍ പരുത്തപ്പാറയിലെ കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്ത് ഇന്നലെ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് കേരള പോലീസിന്‍റെ ഭാഗമായ 411 പേരില്‍ ഭൂരിഭാഗം പേരും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 281 പേരും കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയനില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 130 പേരും ഉള്‍പ്പെടെ 411 സേനാംഗങ്ങളാണ് സംയുക്ത പാസിംഗ് ഔട്ട'് പരേഡില്‍ പങ്കെടുത്ത് പോലീസ് സേനയില്‍ അംഗമായത്. ബിരുദ യോഗ്യതയുള്ള 204 പേരും ബിരുദാനന്തര ബിരുദമുള്ള 31 പേരും എംബിഎയുള്ള 10 പേരും ബിടെക് ഉള്ള 27 പേരും എംഫില്‍ ഉള്ള ഒരാളും ബിഎഡ് ഉള്ള എട്ടു പേരും ഡിപ്ലോമയുള്ള 19 പേരും പ്ലസ്ടുഉള്ള 91 പേരും ഐടിഐയുള്ള ഒന്‍പതുപേരും എസ്എസ്എല്‍സിക്കാരായ 11 പേരും പുതിയ സേനാംഗങ്ങളിലുണ്ട്. 
    പരിശീലന കാലയളവില്‍ മികവു പുലര്‍ത്തിയ സേനാംഗങ്ങള്‍ക്കുള്ള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. പരിശീലന കാലയളവില്‍ ലോംഗ് റേഞ്ച് ഫയറിംഗ്, വേപ്പണ്‍ ട്രെയിനിംഗ്, ഡ്രില്‍, പിടി-ഔട്ട്ഡോര്‍ ലൈഫ്, ഫീല്‍ഡ് ക്രാഫ്റ്റ്-ടാക്ടിക്സ്, ഓര്‍ഗനൈസേഷന്‍സ്-അഡ്മിനിസ്ട്രേഷന്‍, സൊസൈറ്റി-ബിഹേവിയര്‍, നിയമം, പോലീസ് ഡ്യൂട്ടീസ് എന്നീ വിഷയങ്ങളില്‍ നടത്തിയ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നല്‍കിയത്. കെഎപി മൂന്നാം ബറ്റാലിയനില്‍ നിന്ന് ബെസ്റ്റ് ഇന്‍ഡോര്‍ പുരസ്കാരത്തിന് എച്ച്. നഹാസും ബെസ്റ്റ് ഔട്ട് ഡോര്‍, ബെസ്റ്റ് ഓള്‍റൗണ്ടര്‍ പുരസ്കാരങ്ങള്‍ക്ക് എസ്. അജിത്കുമാറും, ബെസ്റ്റ് ഷൂട്ടര്‍ പുരസ്കാരത്തിന് സി.എസ്. ശ്യാം കുമാറും അര്‍ഹരായി. 
    കെഎപി അഞ്ചാം ബറ്റാലിയനില്‍ നിന്ന് ബെസ്റ്റ് ഔള്‍ റൗണ്ടര്‍ പുരസ്കാരത്തിന് ജസ്റ്റിന്‍ പി. ജോസഫും, ബെസ്റ്റ് ഇന്‍ഡോര്‍ പുരസ്കാരത്തിന് എസ്.കെ. ശ്രീനുവും ബെസ്റ്റ് ഔട്ട്ഡോര്‍ പുരസ്കാരത്തിന് ആല്‍ബിന്‍ ടോമും ബെസ്റ്റ് ഷൂട്ടര്‍ പുരസ്കാരത്തിന് ജോബിന്‍ ജോസും അര്‍ഹരായി. ഒന്‍പതു മാസത്തെ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് 411 സേനാംഗങ്ങള്‍ കേരള പോലീസിന്‍റെ ഭാഗമായത്. 
    പരേഡ് കമാന്‍ഡര്‍ എസ്. അജിത് കുമാര്‍, പരേഡ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍ ആല്‍ബിന്‍ ടോം എന്നിവരുടെ നേതൃത്വത്തില്‍ 14 പ്ലാറ്റൂണുകളായി നടത്തിയ വര്‍ണ ശബളമായ പാസിംഗ് ഔട്ട് പരേഡ് ഏറെ മികവുറ്റതായി. പുതിയ സേനാംഗങ്ങളുടെ ബന്ധുക്കള്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ വലിയ ജനസഞ്ചയം പരേഡ് കാണുന്നതിന് എത്തിയിരുന്നു.
                                           (പിഎന്‍പി 3184/17)

date