Skip to main content

പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴിമാറ്റം  വിശദമായി അന്വേഷിക്കണം: വനിതാ കമ്മിഷന്‍

 

***വനിതാ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു 

    കോഴിക്കോട് പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍ത്തൃഗൃഹത്തിലുണ്ടായ പീഡനത്തെ തുടര്‍ന്ന്  പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി മാറ്റിയ സംഭവം ഗൗരവമായാണ് കാണുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ എറണാകുളം ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. മൊഴി മാറ്റിയ സാഹചര്യം കൃത്യമായി പരിശോധിക്കുകയും വിശദമായി അന്വേഷിക്കുകയും വേണം. പറവൂരിലെ വീട്ടിലെത്തി നേരിട്ട് സംസാരിച്ചപ്പോഴും യാതൊരു വിധ സമ്മര്‍ദവുമില്ലാതെ പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു സംസാരിച്ചിരുന്നു. വനിതാ കമ്മിഷന്റെ കൗണ്‍സിലറോടും കാര്യങ്ങള്‍ സംസാരിച്ചു. മൊഴി മാറ്റുന്നതിന് മറ്റു സമ്മര്‍ദങ്ങളുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണം. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനും ഒരു വിധ സമ്മര്‍ദത്തിനും വിധേയമാകാത്ത വിധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാഹചര്യം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കണം. 
    സംഭവത്തില്‍ വനിതാ കമ്മിഷനു മുന്നിലെത്തിയ പരാതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസിനും പിന്നീട് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെയും നല്‍കിയ മൊഴി പെണ്‍കുട്ടി മാറ്റുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നടപടി വേണം. മൊഴി മാറ്റിയതായി സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാനും കേസ് തന്നെ ഇല്ലാതാക്കാനുമാണ് ശ്രമം നടക്കുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
    വൈപ്പിനില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ വനിതയെ അക്രമി സംഘം ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച് എറണാകുളം ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. 
കഠിനമായി അധ്വാനിച്ച് ജോലി ചെയ്യാന്‍ തയാറായ ഒരു സ്ത്രീക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നത് ഗൗരവമായാണ് കമ്മിഷന്‍ കാണുന്നത്. സംഘമായാണ് സ്ത്രീയെ മര്‍ദിച്ചത്. സ്ത്രീകള്‍ക്ക് ഏതു
മേഖലയിലും സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്താന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകണം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

date