Skip to main content

പാനീയ ചികിത്സാ വാരാചരണം

 

വയറിളക്കരോഗ ചികിത്സയില്‍ ഒആര്‍എസ് ന്റെ പ്രാധാന്യം,  ഒആര്‍എസ്തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗപ്രതിരോധത്തില്‍ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിര്‍ജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി ജൂണ്‍ 15 വരെ  പാനീയ ചികിത്സാ വാരാചരണം സംഘടിപ്പിക്കുന്നത്. ഒആര്‍എസ് വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെങ്ങോട് ഹൈസ്‌കൂളില്‍ നടത്തും. 

ജില്ലയില്‍ ഉടനീളം ആരോഗ്യവകുപ്പിന്റെ കീഴില്‍ അങ്കണവാടി, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധതരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടന്നുവരുന്നു.

വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, മലമൂത്ര വിസര്‍ജ്ജനം ശൗചാലയങ്ങളില്‍ മാത്രം നടത്തുക, ശൗചാലയം ഉപയോഗിച്ചതിനു ശേഷവും ആഹാരം കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, ഭക്ഷ്യവസ്തുക്കള്‍ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കുക., വൃത്തിയുള്ള ഇടങ്ങളില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക, 
ഭക്ഷണം കഴിയുന്നതും ചൂടോടെ കഴിക്കാന്‍ ശ്രദ്ധിക്കുക, ആഹാര അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത് ശാസ്ത്രീയമായി സംസ്‌കരിക്കുക., ആഹാര, പാനീയ, വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെ വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.

 

 

ഒആര്‍എസ്... ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

 

വയറിളക്കം മൂലമുള്ള നിര്‍ജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാന്‍ ഇടയുണ്ട്.
വയറിളക്കത്തിന്റെ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഒ. ആര്‍. എസി നൊപ്പം സിങ്ക് ഗുളികയും നല്‍കണം. കുഞ്ഞിന്റെ പ്രായത്തിനും തൂക്കത്തിനും അനുസൃതമായി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവിലാണ് ഒആര്‍എസ് നല്‍കേണ്ടത്.ലായനി അല്പാല്പമായി നല്‍കുക. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പാനീയ ചികിത്സയോടൊപ്പം മുലയൂട്ടല്‍ തുടരുക.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലും ഒആര്‍എസ് ഡിപ്പോകളിലും ഒആര്‍എസ് സൗജന്യമായി ലഭിക്കും. ഒആര്‍എസ് കൃത്യമായ അളവില്‍ തയ്യാറാക്കുകയും വൃത്തിയോടെ സൂക്ഷിക്കുകയും വേണം. ഓരോ തവണ വയറിളകുമ്പോഴും ഒആര്‍എസ് കുടിക്കാം. 
ഇത് രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കും. എന്നാല്‍ രോഗം നിയന്ത്രണവിധേയമാകാത്തപക്ഷം എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. 

 

 

കുഞ്ഞുങ്ങളിലെ നിര്‍ജലീകരണം

 

കുഞ്ഞുങ്ങളിലെ നിര്‍ജലീകരണം ഗുരുതരമായി കാണണം. കുഞ്ഞുങ്ങള്‍ക്ക് വയറിളക്കം ഉണ്ടായാലും മുലയൂട്ടല്‍ തുടരേണ്ടതാണ്. കുഞ്ഞുങ്ങളുടെ ശിരസ്സിനു മുകള്‍ഭാഗം (പതുപ്പ് )താഴുക, കണ്ണുകള്‍, തൊലി, നാവ് എന്നിവ വരണ്ടു കാണുക, മൂത്രം പോകുന്നതിന്റെ അളവ് കുറയുക തുടങ്ങിയവ നിര്‍ജലീകരണ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്.

date