Skip to main content

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് നാടിൻ്റെ  അന്ത്യാഞ്ജലി

 

മുഖ്യമന്ത്രിയും മന്ത്രിമാരും ജനനേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ചു

കുവൈറ്റ് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. നാടിനെ  നടുക്കിയ തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 23 മലയാളികളെ കൂടാതെ തമിഴ്‌നാട് സ്വദേശികളായ ഏഴു പേരുടെ മൃതദേഹങ്ങള്‍ തമിഴ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സെന്‍ജി മസ്താനും കര്‍ണാടക സ്വദേശിയുടെ മൃതദേഹം അവിടെ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി.   

രാവിലെ 11.30 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിച്ച  മൃതദേഹങ്ങള്‍ കാര്‍ഗോ ടെര്‍മിനല്‍ ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നിന്നാണ് ബന്ധുക്കള്‍ ഉള്‍പ്പെടെ  ഏറ്റുവാങ്ങിയത്.  കര്‍ണാടക സ്വദേശിയുടെ  മൃതദേഹം മറ്റൊരു വിമാനത്തില്‍ സ്വദേശത്തേക്ക് കൊണ്ടുപോയി.

ദുരന്തത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശി  അരുണ്‍ ബാബുവിനാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍,  കേന്ദ്രമന്ത്രിമാരായ കീര്‍ത്തി വര്‍ധന്‍ സിംഗ്, സുരേഷ് ഗോപി, തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സെന്‍ജി മസ്താന്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യം അന്തിമോപചാരം അര്‍പ്പിച്ചത്.  തുടര്‍ന്ന് മുഖ്യമന്ത്രി ബാക്കി  29  മൃതദേഹത്തിലും പുഷ്പചക്രം അര്‍പ്പിച്ചു.  മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി,  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എംപിമാരായ കെ. രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഫ്രാന്‍സിസ് ജോര്‍ജ്,  ആന്റോ ആന്റണി, എംഎല്‍എമാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ടി.ജെ വിനോദ് , മാണി സി കാപ്പന്‍, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, യാക്കോബായ സഭ മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ അത്തനാസിയോസ്, എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ്‌കെ ഉമേഷ്, തമിഴ്‌നാട് പോലീസ് കമ്മീഷണര്‍ കൃഷ്ണമൂര്‍ത്തി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.   

സംസ്ഥാന സര്‍ക്കാരിനു വേണ്ടി ആദരസൂചകമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറി. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 23 ആംബുലന്‍സുകളിലാണ് ഓരോരുത്തരുടെയും മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയത്. ഓരോ ആംബുലന്‍സിനും കേരള പോലീസിന്റെ പൈലറ്റ് വാഹനവും കൂടെയുണ്ടായിരുന്നു. തമിഴ്‌നാട് ആംബുലന്‍സിന് സംസ്ഥാന അതിര്‍ത്തി വരെയും പോലീസ് അകമ്പടി നല്‍കി.

കാര്‍ഗോ ടെര്‍മിനലിന് സമീപം 17 മേശകളിലാണ്  മൃതദേഹങ്ങള്‍ അടങ്ങിയ പെട്ടികള്‍ വച്ചത്.  ഒരു മേശയില്‍ രണ്ടു പെട്ടികള്‍ വീതമാണ് വച്ചത്.

date