Skip to main content
ഒരു വർഷം നീണ്ടുനിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിക്കുന്നു.

ഒരു വർഷം നീണ്ടുനിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികൾക്ക് തുടക്കം

 

കോട്ടയം: സംസ്ഥാനത്തെ ബാലവേല വിരുദ്ധ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഒരു വർഷം നീണ്ടുനിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു. ബാലവേല സംബന്ധിച്ച എന്തെങ്കിലും വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തന്റെ നമ്പറിൽ വിളിച്ചറിയാക്കാമെന്നു ജില്ലാ കളക്ടർ ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികളോടു പറഞ്ഞു.

അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ കോട്ടയം ഡെപ്യൂട്ടി ലേബർ ഓഫീസർ എം.എം. ഷാജഹാൻ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷനായിരുന്നു. ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) എം. ജയശ്രീ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എം.ആർ. ബിന്ദു, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ് മാസ്റ്റർ വി.എം. ബിജു, പി.ടി.എ. പ്രസിഡന്റ് പി.ആർ. വിനോദ്, അസിസ്റ്റന്റ് ലേബർ ഓഫീസർ എസ്. വിനീദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. അന്താരാഷ്ട്ര ബാലവേല ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ്, പോസ്റ്റർ രചനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.

 

 

 

date