Skip to main content

*ഗോത്രവർഗ്ഗക്കാർക്ക് ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാൻ കൂടുതൽ പദ്ധതികൾ -മന്ത്രി എ കെ ശശീന്ദ്രൻ*

 

 

 

ഗോത്രവർഗ്ഗക്കാരുടെ ജീവിതം സംരക്ഷിക്കുന്നതോടൊപ്പം ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ഇതിനായി സംസ്ഥാനത്തിന് നബാർഡ് 25 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുണ്ടെന്നും കൃഷി- വനം വകുപ്പുകൾ ചേർന്ന് പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വിഹിതത്തിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. പദ്ധതിയിൽ കൂടുതൽ തുക ജില്ലക്ക് വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി. മുത്തങ്ങ ഗവ എല്‍.പി സ്‌കൂളില്‍ വനാശ്രിത വിഭാഗക്കാര്‍ക്കുള്ള സ്‌നേഹ ഹസ്തം മെഡിക്കല്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും വനശ്രീ ഉത്പന്നങ്ങളുടെ ഓൺലൈൻ വില്‍പനയും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നൂറ് മേഖലകൾ തെരഞ്ഞെടുത്ത് ക്യാമ്പുകൾ നടത്തുകയാണ് ലക്ഷ്യമിട്ടതെങ്കിലും ഇതിനോടകം 126 ക്യാമ്പുകൾ പൂർത്തിയാക്കി. ഗോത്ര വിഭാഗത്തിന്റെ ശാരീരിക-മാനസിക ആരോഗ്യം ശരിയായ രീതിയിൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ക്യാമ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.  

 

date