Skip to main content

പക്ഷിപ്പനി കരുതൽ വേണം  

 പക്ഷിപ്പനി H5N1 പക്ഷികളിൽ നിന്നും പക്ഷികളിലേക്കാണ് സാധാരണയായി പകരാറുള്ളതെങ്കിലും  ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ ഇടയുണ്ട്. അങ്ങനെ മനുഷ്യരിലേക്ക് രോഗം വന്നാൽ ഗുരുതരമായേക്കാം.

കോഴി, താറാവ് തുടങ്ങിയ വളർത്തു പക്ഷികളിലാണ് സാധാരണയായി പക്ഷി പനി കാണുന്നത്. എന്നാൽ കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണം.

പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കുക.

 രോഗബാധയേറ്റ കോഴി ,താറാവ് പോലെയുള്ള പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ,  വളർത്തു പക്ഷികളുമായി ഇടപഴകുന്നവർ,വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, പക്ഷികളെ നശിപ്പിക്കാൻ നിയോഗിച്ചവർ, മറ്റു ബസപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.

പ്രതിരോധ മാർഗ്ഗങ്ങൾ

രോഗബാധയുള്ള പക്ഷികളുടെ കാഷ്ഠ ത്തിൽ നിന്നും മറ്റു സ്രവങ്ങളിൽ നിന്നും രോഗബാധ വളർത്തു പക്ഷികൾക്കും മൃഗങ്ങൾക്കും ഉണ്ടാക്കാൻ ഇടയുണ്ട്. 
അതുകൊണ്ടുതന്നെ വീട്ടിൽ വളർത്തുന്ന പക്ഷികളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും സുരക്ഷ ശ്രദ്ധിക്കുക. 

കാക്കയുടെ കാഷ്ഠവും മറ്റും വീണു മലിനമായ സാഹചര്യങ്ങളുമായി സമ്പർക്കത്തിൽ ആയാൽ കൈകൾ /ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. നന്നായി കുളിക്കുക.

രോഗമുളള പക്ഷികളുമായും ചത്ത പക്ഷികളുമായും സമ്പർക്കത്തിൽ വരുന്നവർ അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതും  സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. 

ചത്തുവീണ പക്ഷികളെ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.
 ചത്ത പക്ഷികളെ കുഴിച്ചിടുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം സ്വീകരിക്കണം.
രോഗബാധയുള്ള പക്ഷികളെയും ചത്ത പക്ഷികളെയും, കൈകാര്യം ചെയ്യുമ്പോളും വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം:രോഗമുള്ള പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും ചത്ത പക്ഷികളെ കുഴിച്ചിടുമ്പോഴും മാസ്കും,  നീളമുള്ള കൈയ്യുറയും ധരിക്കണം. കൈകൾ സോപ്പിട്ട് കഴുകുകയും ചെയ്യണം. 
ചത്തു പോയ പക്ഷികൾ, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തിൽ കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യണം. 

ഇറച്ചി ,മാംസം എന്നിവ നന്നായി സമയമെടുത്തു വേവിച്ചതിനു ശേഷം മാത്രം കഴിക്കുക . സമയമെടുത്ത് പാകം ചെയ്യാൻ സാധ്യതയില്ലാത്ത മുട്ട വിഭവങ്ങൾ(ബുൾസൈ,ഓംലെറ്റ്....)ഒഴിവാക്കുക. മുട്ട ഉപയോഗിക്കുന്നതിനു മുമ്പ് പുറംഭാഗം സോപ്പിട്ട് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക.

 പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ മുട്ട ,മാംസം തുടങ്ങിയ പൗൾട്രി ഉൽപ്പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. കാഷ്ഠം വളമായി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവ മനുഷ്യരിലെ രോഗ ലക്ഷണങ്ങൾ ആണ്.
രോഗ പകർച്ചയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ പനി , ജലദോഷം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക. പ്രതിരോധ മരുന്ന് മുടക്കം ഇല്ലാതെ കഴിക്കുക.

വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ  തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കേണ്ടതാണ്.
പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. സുരക്ഷിതമായി സംസ്കരിക്കുക.
 

date