Skip to main content

ആലപ്പുഴയുടെ വികസനം: കാലാവസ്ഥാ വ്യതിയാനം  മുഖ്യ അജണ്ടയാക്കി ആസൂത്രണം വേണം

 

- ജില്ലയുടെ വികസനസാധ്യതകൾ ചർച്ച ചെയ്ത് ശിൽപ്പശാല

ആലപ്പുഴ: ജില്ലയുടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കാലാവസ്ഥാവ്യതിയാനം മുഖ്യവിഷയമായി പരിഗണിച്ച് 
പദ്ധതികൾ രൂപവത്കരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്ലാനിംഗ് ബോർഡ് ഹാളിൽ സംഘടിപ്പിച്ച വിദഗ്ധർ പങ്കെടുത്ത  ശിൽപ്പശാല. ജില്ലയുടെ വികസന സാധ്യതകൾ പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും ഏറ്റെടുക്കേണ്ട മുൻഗണനാ പദ്ധതികൾ എന്നിവ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അധ്യക്ഷത വഹിച്ചു.   സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ബിജു പി അലക്‌സ് മുഖ്യ വിഷയാവതരണം നടത്തി. ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് ആമുഖ പ്രഭാഷണം ചെയ്തു. ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ജില്ലയിലെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു.  ജെ.ജോസഫൈൻ വികേന്ദ്രീകൃത ആസൂത്രണം സംബന്ധിച്ചും എസ്.എസ്.നാഗേഷ് കൃഷി സംബന്ധിച്ചും ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.പി.സംഗീത,  ജില്ല പ്ലാനിങ് ഓഫീസർ എം.പി.അനിൽ കുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ദീപ ശിവദാസൻ  എന്നിവർ യോഗത്തിൽ സംസാരിച്ചു.  

കോവിഡിനു ശേഷം മാന്ദ്യം ഒരു യാഥാർത്ഥ്യമാണെന്നു തൊഴിൽനഷ്ടം വലിയൊരു പരിധിവരെ തടയാൻ സർക്കാരിൻറെ ഇടപെടലുകൾക്ക് കഴിഞ്ഞെന്നും
ബിജു പി അലക്‌സ് പറഞ്ഞു. പരിഹരിക്കപ്പെടാത്ത ധാരാളം പ്രശ്‌നങ്ങൾ ഉണ്ട്. ക്ഷീരോൽപാദനം സ്വയംപര്യാപ്തതയുടെ അടുത്തു വരെ എത്തിയതാണ്.  എന്നാൽ മഹാമാരിക്ക്  ശേഷം 90 ശതമാനത്തിൽ നിന്ന് 60 ശതമാനത്തിലേക്ക് ഉൽപ്പാദനം കുറഞ്ഞു. കാലാവസ്ഥ വ്യതിയാനം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സങ്കീർണമാണ്. എന്നാൽ അതിൻറെ ആഘാതം കുറയ്ക്കാനുള്ള നടപടികൾക്ക് മൂൻതൂക്കം നൽകണം. എല്ലാ വകുപ്പുകളും ചേർന്നാണ് ഇക്കാര്യത്തിൽ  നടപടി സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിൽ പ്രാദേശികമായ സവിശേഷ പ്രവർത്തനങ്ങളും പദ്ധതികളും വേണം. ജല ബഹിർഗമനസംവിധാനം ശാസ്ത്രീയമായി ആസൂത്രണം ചെയ്യണം. പ്രാദേശികതലത്തിൽ വലിയ മൂലധനനിക്ഷേപം ആവശ്യമുണ്ട്. സാധാരണക്കാരുടെ വരുമാനം കൂട്ടുന്നതിനും തൊഴിൽമേഖല വികസിപ്പിക്കുന്നതിനുമുള്ള ആസൂത്രണങ്ങൾ ആണ് വിവിധ വകുപ്പുകൾ നടത്തേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
പൊതുവേ വികസനപദ്ധതികൾക്ക് സാങ്കേതിക കുരുക്ക് ഇടുന്ന പ്രവണത ഓഡിറ്റ് വിഭാഗത്തിനുൾപ്പെടെ ഉണ്ടെന്ന് അധ്യക്ഷത  വഹിച്ച 
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി ചൂണ്ടിക്കാട്ടി.  പ്രാദേശിക ജല സ്രോതസ്സുകളും തോടുകളും വൃത്തിയാക്കുന്നതിനുള്ള പദ്ധതികൾ അടിയന്തരമായി പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചൂണ്ടിക്കാട്ടി.  

പ്രാദേശിക പദ്ധതികളുടെ നടത്തിപ്പിൽ ജില്ല മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും ലക്ഷ്യം വയ്ക്കുന്ന വലിയ വളർച്ചയിലേക്ക് ഉയരാനാകണമെന്ന് ജില്ലാ കളക്ടർ അലക്‌സ് വർഗീസ് പറഞ്ഞു. വേമ്പനാട്ട് കായലിലെ പോള പ്രശ്‌നം അടിയന്തിരമായി  പരിഹരിക്കപ്പെടേണ്ട വിഷയമാണ്.  ഇക്കാര്യത്തിൽ
സർവ്വകലാശാലകളുടെ സാങ്കേതിക സഹകരണം തേടി വരികയാണെന്നും ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു. ടൂറിസം മേഖലയുടെ വികസനത്തിന് എ.സി.കനാലിന്റെ ശുചീകരണം ഏറെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനത്തിന് ഒപ്പം ദുരന്ത നിവാരണത്തെക്കുറിച്ച് വ്യക്തമായ ധാരണ വരുത്തിയശേഷം ആയിരിക്കണം കുട്ടനാട് ഉൾപ്പെടെയുള്ള ആലപ്പുഴയിലെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ് ജെ.ജോസഫൈൻ പറഞ്ഞു. വാട്ടർ കൺസർവേഷൻ, മണ്ണ് സംരക്ഷണം എന്നിവ 
കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലയാണ്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വൻ വില നൽകേണ്ടിവരും. മാലിന്യനിർമാർജ്ജനത്തിനും ശുദ്ധജല വിതരണത്തിലും ജില്ല പ്രത്യേക താല്പര്യം എടുക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകൾ ഏകീകൃത സ്വഭാവത്തിൽ മുന്നോട്ടുപോണമെന്നും യോഗം വിലയിരുത്തി. വികസന സാധ്യതകളെപ്പറ്റി വിവിധ വകുപ്പു ഉദ്യോഗസ്ഥരുമായി ചർച്ചയും നടന്നു.

date