Skip to main content

മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

 

സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള 2023-24 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ കറുകുറ്റി സെന്റ് ജോസഫ്‌സ് എച്ച് എസ്  സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹത നേടി. ജില്ലതലത്തില്‍ ഒന്നാം സ്ഥാനത്തിന് ചേരാനെല്ലൂര്‍ എ എല്‍ എഫ് എച്ച് എസും രണ്ടാം സ്ഥാനത്തിന് കാഞ്ഞൂര്‍ സെന്റ് ജോസഫ്സ് സി ജി എച്ച് എസും മൂന്നാംസ്ഥാനം വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂളും നേടി. 

സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായ സ്‌കൂളുകള്‍ക്ക് യഥാക്രമം 2,00,000, 1,50,000, 1,00,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍രായ സ്‌കൂളുകള്‍ക്ക് യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തി പത്രവും അവാര്‍ഡായി നല്‍കുന്നത്. ജൂലൈ 6 ന് നിയമസഭാ മന്ദിരത്തിനുള്ളിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വെകുന്നേരം 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കൈറ്റ് ജില്ലാ കോ ഓഡിനേറ്റര്‍ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 200 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വിഭാവന ചെയ്തിട്ടുള്ളത്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്‍ഷന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്‌സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനര്‍രായവരെ കണ്ടെത്തിയിട്ടുള്ളത്.

ഹാര്‍ഡ്വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബര്‍ സുരക്ഷാ മേഖലകള്‍ക്കുപുറമെ മൊബൈല്‍ ആപ്പ് നിര്‍മാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ- കൊമേഴ്‌സ്, ഇ- ഗവേണന്‍സ്, വീഡിയോ ഡോക്യുമെന്റേഷന്‍, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകള്‍ അടങ്ങുന്ന ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

date