Skip to main content
Abdul, Arun, Biju, CD, Indu, Jayan, Lenin, Mafitha, Mahesh, N, Neerja, Nisri, Photo, Reghu, Sunil, Unnikrishnan, Vidya, Vinod, You TODAY TODAY  Photo Sharath EKM  2:46 pm Photo Sharath EKM 5Q3A9161.JPG JPG•10 MB 5Q3A9161.JPG 2:46 pm ഇ൯ഫ൪മേഷ൯ പബ്ലിക് റിലേഷ൯സ് വകുപ്പ്, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷ൯, പി.എ൯. പണിക്ക൪ ഫൗണ്ടേഷ൯ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെങ്ങമനാട് ഗവ. ഹയ൪ സെക്ക൯ഡറി സ്കൂളിൽ കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാ൯ പുരസ്കാര ജേതാവ്

വായനാദിനത്തില്‍ തിളക്കമുള്ള താരമായി സീനത്ത്

 

ജീവിതവഴിയിലെ പ്രതിസന്ധികള്‍ക്കിടയില്‍ മുറിഞ്ഞുപോയ പഠനവും വായനയും തിരികെ പിടിച്ച് തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് ചിറ്റേത്തുകര സ്വദേശിനി എം.എ സീനത്ത്. സാക്ഷരത തുല്യത പഠനത്തിലൂടെ പത്താം തരവും പ്ലസ് വണ്ണും പ്ലസ് ടുവും വിജയിച്ച് ബിരുദ പഠനത്തിനു പ്രവേശനം നേടിക്കഴിഞ്ഞു 48 കാരിയായ ഈ വീട്ടമ്മ.  സ്വന്തമായി അധ്വാനിച്ച് മൂന്നു മക്കളെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് ഇതു സാധ്യമായതെന്നത് സീനത്തിന്റെ നേട്ടത്തിന് തിളക്കം കൂട്ടുന്നു.  

ചെങ്ങമനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല വായനാപക്ഷാചരണ വേദിയില്‍  എഴുത്തുകാരനും അധ്യാപകനും കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാന്‍ പുരസ്‌കാര ജേതാവുമായ ഡോ.കെ.ജി പൗലോസ് സീനത്തിനെ ആദരിച്ചു. മലയാളം ഭാഷയെ ഏറെ സ്‌നേഹിക്കുന്ന സീനത്ത് ബിഎ മലയാളത്തിനാണ് തൃക്കാക്കര ഭാരത് മാത കോളേജില്‍ പ്രവേശനം നേടിയിരിക്കുന്നത്. 

ബിരുദം പഠിക്കേണ്ട പ്രായത്തില്‍ വിവാഹം. മൂന്ന് കുട്ടികള്‍ ജനിച്ചു. രണ്ട് ഇരട്ട പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. ജീവിതസാഹചര്യങ്ങള്‍ തുടര്‍ പഠനം അനുവദിച്ചില്ല. ഇടയ്ക്ക് ജീവിത വഴിയില്‍ ഒറ്റയ്ക്കായി. മക്കളെയും കുടുംബത്തെയും പുലര്‍ത്തേണ്ട ചുമതല സ്വന്തം ചുമലിലായി. ചിറ്റേത്തുകരയിലെ വീടിന് മുന്‍വശത്തായി ഫോട്ടോസ്റ്റാറ്റും പ്രിന്റ് ഔട്ടുകളും എടുത്ത് നല്‍കുന്ന ഡിടിപി സെന്റര്‍ തുടങ്ങി. വായ്പയെടുത്തും മറ്റുമാണ് ഇതിനുള്ള പണം കണ്ടെത്തിയത്. മൂന്ന് മക്കളെയും നല്ല രീതിയില്‍ പഠിപ്പിച്ചു. മകള്‍ ഇര്‍ഫാന യുകെയില്‍ എംബിഎയ്ക്ക് പഠിക്കുന്നു. മറ്റൊരാളായ ഇഫ്രത്തിന്റെ വിവാഹം കഴിഞ്ഞു. ഇളയ മകന്‍ മുഹമ്മദ് അബ്ദുള്‍ ഗഫൂര്‍ പ്ലസ് ടു വിന് പഠിക്കുന്നു. 

പഠിക്കാനുള്ള ആഗ്രഹം തിരിച്ചറിഞ്ഞ മക്കളാണ് തനിക്ക് പഠിക്കാനുള്ള അവസരമൊരുക്കി നല്‍കിയെന്ന് സീനത്ത് പറയുന്നു. അങ്ങനെയാണ് സാക്ഷരത തുല്യത പഠനത്തിന് ചേരുന്നത്. ജോലിക്കിടെ പഠിക്കാനായി സമയം കണ്ടെത്തും. ചിലപ്പോള്‍ അതിരാവിലെ ഉണര്‍ന്ന് പഠിക്കും. 
സൗത്ത് വാഴക്കുളം സ്‌കൂളിലാണ് പത്താം തരം തുല്യത പഠിച്ചത്. 2015 ല്‍ പത്താം തരം വിജയിച്ചു. ഇടയ്ക്ക് പഠനം മുടങ്ങിയെങ്കിലും 2019 ല്‍ കളമശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കേന്ദ്രത്തില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി തുല്യതയും വിജയിച്ചു. 

പഠനവും വായനവും ഒരുപോലെ ഇഷ്ടപ്പെടുന്ന സീനത്ത് മലയാള ഭാഷയെ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. മലയാളം പഠിക്കാനുള്ള കൊതി കൊണ്ടാണ് ബിരുദത്തിന് മലയാളം തിരഞ്ഞെടുത്തത്. വാര്‍ത്താ അവതാരകയാകാനാണ് സീനത്തിന്റെ ആഗ്രഹം. ഒപ്പം ബിരുദം പൂര്‍ത്തിയാക്കി എല്‍എല്‍ബിക്ക് ചേര്‍ന്ന് അഭിഭാഷകയാകാനും ലക്ഷ്യമിടുന്നു. 

വായന ഒരു വ്യക്തിയിലുണ്ടാക്കുന്ന മാറ്റങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വായനാദിനത്തില്‍ ഏവരെയും പ്രചോദിപ്പിക്കുകയാണ് സീനത്ത്. ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും നേര്‍സാക്ഷ്യമായി വായനാദിന വേദിയിലെ തിളക്കമുള്ള താരമായി സീനത്ത്.

date