Skip to main content

വിദ്യാഭ്യാസരംഗത്തെ നേട്ടം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഭാവന: മന്ത്രി ജി. ആർ അനിൽ

വിദ്യാഭ്യാസ രംഗത്തിലൂടെ കേരളം കൈവരിച്ച നേട്ടം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഭാവനയെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ തിരുവനന്തപുരം ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് ഒരു ഇരുണ്ട പൂർവ്വകാലമുണ്ട്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം സമൂഹത്തിൽ എത്തിച്ചു. കേരളം ഇന്ന് കാണുന്ന സാർവത്രികമായ വിദ്യാഭ്യാസം സ്വയംഭൂവായി ഉണ്ടായതല്ല. ഈ ചരിത്രത്തിൽ നിന്നുകൊണ്ട് നമുക്ക് പുതിയ നേട്ടം കരസ്ഥമാക്കാൻ സാധിക്കും. വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന വികസനത്തിനായി 6000 കോടി രൂപയാണ് ഈ സർക്കാർ നീക്കിവെച്ചത്. ഇതിലൂടെ വലിയ മാറ്റം ഉണ്ടായി. ന്യൂനപക്ഷ വിഭാഗങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ മുൻനിരയിൽ എത്തിക്കാൻ നിരവധി പദ്ധതികൾ ആണ് സർക്കാർ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ സമുദായ മാനേജ്മെന്റുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ സംഭാവന എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

വെള്ളയമ്പലം ലിറ്റിൽ ഫ്ളവർ പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ റഷീദ് അധ്യക്ഷനായി. കമ്മീഷൻ മെമ്പർ സെക്രട്ടറി നിസാർ. എച്ച്, രജിസ്ട്രാർ ഗീത എസ്. സംഘാടക സമിതി ചെയർമാൻ ഫാ. ജെ. ജയരാജ്, വർക്കിംഗ് ചെയർമാൻ പാട്രിക് മൈക്കിൾ, ജനറൽ കൺവീനർ എം.എ റഹീം, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. അഞ്ഞൂറോളം ന്യൂനപക്ഷ സംഘടനാ പ്രതിനിധികൾ സെമിനാറിന്റെ ഭാഗമായി.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങളെപ്പറ്റിയും ലഭ്യമാകേണ്ട ആനുകൂല്യങ്ങളെപ്പറ്റിയും ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജില്ലകളിൽ സെമിനാറുകൾ സംഘടിപ്പിച്ചു വരുന്നത്. സെമിനാറിൽ 'ന്യൂനപക്ഷങ്ങൾക്കാ യുള്ള ക്ഷേമ പദ്ധതികൾ', 'കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് എന്ത്? എന്തിന്?' എന്നീ വിഷയങ്ങൾ കമ്മീഷൻ അംഗങ്ങളായ പി. റോസ, എ. സൈഫുദ്ദീൻ ഹാജി എന്നിവരും 'ന്യൂനപക്ഷ സമൂഹവും വിജ്ഞാനതൊഴിലും' എന്ന വിഷയം കേരള നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാം മാനേജർ റ്റി.എസ് നിധീഷും അവതരിപ്പിച്ചു.

date