Skip to main content

വണ്ടൂര്‍ ബ്ലോക്കില്‍ ആയിരം സൂക്ഷ്മ സംരംഭങ്ങൾ ഒരുക്കാന്‍ കര്‍മ്മ പരിപാടിയുമായി കുടുംബശ്രീ

അടുത്ത രണ്ടു മാസത്തിനകം വണ്ടൂര്‍ ബ്ലോക്കില്‍ ആയിരം സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാനുള്ള കർമ്മ പരിപാടിയുമായി കുടുംബശ്രീ വണ്ടൂർ എം.ഇ.ആർ.സി (മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ്സ് സെന്റര്‍). ഇതിനായി വണ്ടൂർ എം.ഇ.ആര്‍.സി ജനറൽ ബോഡി യോഗം കർമ പദ്ധതി തയ്യാറാക്കി.
ജൂലൈ, ഓഗസ്റ് മാസങ്ങളിലായി കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ ആയിരം സംരംഭങ്ങള്‍ രജിസ്റ്റർ ചെയും. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിൽ ഇതിനായി പ്രത്യേകം പരിശീലന പരിപാടികൾ നടപ്പിലാക്കും. ഒരു അയൽക്കൂട്ടത്തിൽ ഒരു സംരംഭം എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയായാണ് പാണ്ടിക്കാട്, പോരൂർ, വണ്ടൂർ, മമ്പാട്, തിരുവാലി, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസുകളുടെ മേൽനോട്ടത്തിൽ ആയിരം പുതിയ സംരംഭങ്ങൾ എന്ന പദ്ധതി നടപ്പിലാക്കുന്നത്. സംരംഭ രൂപീകരണത്തോടൊപ്പം കുടുംബശ്രീ വിപണന പ്രവർത്തനങ്ങളായ ഹോംഷോപ്പ്, മാസ ചന്ത, കിയോസ്ക്, ഔട്‍ലെറ്റ്, ആഴ്ച ചന്ത, നാട്ടു ചന്ത, നാനോ മാർക്കറ്റ്, ഓഫീസ് മേള, ഓൺലൈൻ മാർക്കറ്റിങ് തുടങ്ങിയവയും സജീവമാക്കും.
അയൽക്കൂട്ടതലങ്ങളിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, പുതിയ വിപണി സാധ്യതകൾ തുറക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കുടുംബശ്രീ മൈക്രോ എന്റെർപ്രൈസ്‌ റിസോഴ്സ് സെന്റർ(എം.ഇ.ആർ.സി) പദ്ധതി ആരംഭിച്ചത്.  പദ്ധതിയുടെ ഭാഗമായി  ഓരോ സി.ഡി.എസിലും മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരെ നിയമിച്ചിട്ടുണ്ട്. വണ്ടൂർ ബ്ലോക്ക്‌ പരിധിയിൽ പുതുതായി സംരംഭം ആരംഭിക്കാൻ താല്പര്യമുള്ള അയൽക്കൂട്ട അംഗങ്ങൾ, ഓക്സിലറി അംഗങ്ങൾ എന്നിവർ അതത് സി.ഡി.എസ് ഓഫീസിൽ നേരിട്ടോ, ബ്ലോക്ക്‌ തല റിസോഴ്സ് സെന്ററിലോ നേരിട്ട് ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04931 200250.

date