Skip to main content

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് പട്ടികജാതി പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങള്‍ നടത്തും: കമ്മീഷന്‍

പാര്‍ശ്വവത്കരിക്കപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍. സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ പട്ടികജാതി പട്ടിക വര്‍ഗ സമൂഹം നേരിടുന്ന നീതി നിഷേധം അടക്കമുള്ള പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കമ്മീഷന്‍ ചുമതലയേറ്റതു മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പരാതി പരിഹാര അദാലത്തുകള്‍ നടത്തി വരികയാണ്. യഥാസമയം ഉദ്യോഗസ്ഥ തലത്തില്‍ വേണ്ട വിധത്തിലുള്ള ഇടപെടലുകള്‍ നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാമായിരുന്ന പരാതികളാണ് കമ്മീഷന് മുന്നിലെത്തുന്നവയില്‍ ഏറെയും. കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഉത്തരവുകളും കൃത്യമായി പാലിക്കാന്‍  ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി നടന്ന അദാലത്തില്‍ ആകെ 124 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 97 പരാതികള്‍ പരിഹരിച്ചു. 27 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റി വെച്ചു. പുതിയതായി 17 പരാതികളും ലഭിച്ചു. 2021 മുതല്‍ കമ്മീഷനില്‍ ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. പൊലീസില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍, ശ്മശാനവുമായി ബന്ധപ്പെട്ട പരാതികള്‍, വഴി തര്‍ക്കം, കൈയ്യേറ്റം തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിലെത്തിയതില്‍ അധികവും.
ഭൂമിക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശം ഇല്ലാത്തതിനാല്‍ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ക്ഷേത്രം വിപുലീകരിക്കാന്‍ കഴിയുന്നില്ലെന്നും ക്ഷേത്ര വിപുലീകരണത്തിനായി ഭൂമി വിട്ടു തരണമെന്നുമുള്ള തിരൂര്‍ സ്വദേശിയുടെ പരാതിയും കമ്മീഷന് മുന്നിലെത്തി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ഈ പരാതിയില്‍  ഉചിതമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പട്ടികജാതി ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍മാരായ അഡ്വ. സേതു നാരായണന്‍, ടി.കെ വാസു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ബെഞ്ചുകളായാണ് അദാലത്ത് സംഘടിപ്പിച്ചത്.

date