Skip to main content

ക്ഷീരവികസന വാർഷിക പദ്ധതികളിലേക്ക് അപേക്ഷിക്കാം

 

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂൺ 27 മുതൽ ജൂലായ് 20 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. പുൽകൃഷി വികസനം, മിൽക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയാണ് പദ്ധതികൾ. 

20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളക്കൃഷി, നേപ്പിയർ പുല്ലും മുരിങ്ങയും ഉൾപ്പെടുന്ന കോളാർ മോഡൽ പുൽകൃഷി പദ്ധതികളും പുൽകൃഷിക്ക് വേണ്ടിയിട്ടുള്ള യന്ത്രവൽക്കരണ ധനസഹായം ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും കയർ മത്സ്യബന്ധന മേഖലകൾക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്നതാണ് മിൽക്ക് ഷെഡ് വികസന പദ്ധതി. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം.

date