Skip to main content

നെഹ്‌റു പവലിയന്റെ ചോർച്ച മാറ്റും, ടിക്കറ്റെടുത്തവർക്ക് ഇരിപ്പിടം ഉറപ്പാക്കും

 

ആലപ്പുഴ: ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും ഇരിപ്പിടം ഉറപ്പാക്കാൻ കളക്ടറ്റേറ്റിൽ ചേർന്ന നെഹ്‌റുട്രോഫി ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി യോഗം തീരുമാനിച്ചു. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ല കളക്ടറുമായ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.പി.ചിത്തരഞ്ജൻ എം.എ.എയും പങ്കെടുത്തു.  നെഹ്‌റു പവലിയന്റെ ചോർച്ച മാറ്റുന്നതിനു വേണ്ടി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽകുവാനും എത്രയും വേഗം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ തീരുമാനിച്ചു.
നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടു കർമ്മം ജൂലൈ മാസം എട്ടാം തീയതി തിങ്കളാഴ്ച 9.00 മണിക്ക് പുന്നമടയിലുള്ള ഫിനിഷിംഗ് പോയിന്റ്‌റിൽ വെച്ച് ജില്ലാ കളക്ടർ നിർവ്വഹിക്കും. ഇത്തവണ ആദ്യമായി സ്ഥാപിക്കുന്ന ലക്ഷ്വറി ബോക്സിൽ 300 ടിക്കറ്റ് നൽകുവാനും അവിടെ ഇരിക്കുന്നവർക്ക് പ്രത്യേക ഇരിപ്പിട സംവിധാനവും യാത്രാ സംവിധാനവും ഏർപ്പെടുത്താൻ  യോഗം തീരുമാനിച്ചിട്ടുണ്ട്.  ഈ വർഷത്തെ കളിവള്ളങ്ങളുടെ രജിസ്‌ട്രേഷൻ തീയതി ജൂലൈ മാസം 10 ാം തീയതി ബുധനാഴ്ച മുതൽ ജൂലൈ മാസം 20 ാം തീയതി ശനിയാഴ്ച വരെ സബ് കളക്ടറുടെ  കാര്യാലയത്തിൽ വെച്ച് നടത്തും.
നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള ക്യാപ്റ്റൻസ് ക്ലിനിക് ജൂലൈ മാസം 26ാം തീയതി വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് വൈ.എം.സി.എ ഹാളിൽ ജില്ലാ കള്കർ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള പ്രവൃത്തികളുടെ ടെണ്ടർ വ്യാഴാഴ്ച(ജൂൺ 27) മുതൽ തന്നെ അടിയന്തിരമായി ആരംഭിക്കാനും ജൂലൈ നാലിന്  വ്യാഴാഴ്ച 3.30ന് കള്ക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് പരിശോധിക്കാനും തീരുമാനമായി. ടിക്കറ്റ് എടുത്ത് എത്തുന്ന വള്ളംകളി പ്രേമികൾക്ക് പരമാവധി സൗകര്യങ്ങൾ ചെയ്ത് നൽകണമെന്ന് സമിതിയംഗങ്ങൾ ചൂണ്ടിക്കാട്ടി. യോഗത്തിൽ മുൻ എം.എൽ.എമാരായ സി.കെ.സദാശിവൻ, കെ.കെ.ഷാജു, എൻ.ടി.ബി.ആർ.സൊസൈറ്റി സെക്രട്ടറി സബ്കളക്ടർ സമീർ കിഷൻ, ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനറും ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയറുമായ എം.സി.സജീവ്കുമാർ, ഇൻഫ്രാസ്ട്രക്ചർ കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date