Skip to main content

മാലിന്യ മുക്ത നവകേരളം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു ജില്ലയില്‍ മാലിന്യ സംസ്കരണം ഫലപ്രദമാക്കാന്‍ കൂട്ടായ പരിശ്രമം വേണം

മലപ്പുറം ജില്ലയില്‍ മാലിന്യ സംസ്കരണം ഫലപ്രദമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമവും സഹകരണവും ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. മാലിന്യ മുക്ത നവകേരളം ക്യാംപെയിനിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അദ്ധ്യക്ഷര്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.  മാലിന്യ സംസ്കരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. ഇവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും കൂടുതൽ വരുമാനം ലഭിക്കുന്ന സാഹചര്യവും ഒരുക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.  മാലിന്യ മുക്ത നവകേരളം ക്യാംപെയിനിന്റെ 2024-25 വര്‍ഷത്തെ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്. വാതിൽപ്പടി ശേഖരണം, യൂസർഫീ, ജൈവമൈലിന്യ സംസ്കരണം, അജൈവമാലിന്യ സംസ്കരണം, ശാസ്ത്രീയ തരംതിരിക്കൽ, എൻഫോഴ്സ്മെന്റ്, ഡിജിറ്റലൈസേഷൻ,  ക്യാംപെയിൻ എന്നിവയിൽ സമ്പൂർണ്ണത കൈവരിക്കുക എന്നതാണ് ക്യാപെയിനിന്റെ അടുത്ത ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 

മലപ്പുറം ഡി. പി. ആർ. സി. ഹാളിൽ നടന്ന ശില്പശാലയില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍ വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ടി ജ്യോതിമോള്‍, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളി. ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ. ആതിര, നവകേരളം ജില്ലാ കോ ഓർഡിനേറ്റർ ടി.വി.എസ് ജിതിൻ, മാലിന്യമുക്ത നവകേരളം ക്യാംപെയിന്‍ ജില്ലാ കോ ഓർഡിനേറ്റർ ബീനാസണ്ണി, കില ഫെസിലിറ്റേറ്റർ എ. ശ്രീധരൻ, കെ.എസ്.ഡബ്ല്യു.എം.പി. സോഷ്യൽ എക്സ്പർട്ട് ഇ. വിനോദ് കുമാർ. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ  പി.ബി ഷാജു, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ കെ.  മുജീബ്, കുടുംബശ്രീ ജില്ലാ മാനേജർ അഭിജിത് മാരാർ എന്നിവർ സംസാരിച്ചു. ക്യാംപെയിൻ ജില്ലാ സെക്രട്ടറിയേറ്റിലെ വിദഗ്ദര്‍ ക്ലാസ്സുകൾ നയിച്ചു.

ക്യാംപെയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും ജൂലൈ മൂന്ന്, നാല് തിയതികളിലും നഗരസഭകളില്‍ നിന്നുള്ളവര്‍ക്കായി ജൂലൈ 9, 10 തിയതികളിലും പരിശീലന പരിപാടി സംഘടിപ്പിക്കും.

date